തിരുവനന്തപുരം : ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അവസാനകാലത്ത് കൈക്കൊണ്ട വിവാദതീരുമാനങ്ങളില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടോയെന്നത് വിശദമായി പരിശോധിക്കാന്‍ പിണറായി മന്ത്രിസഭയുടെ ആദ്യ മന്ത്രിസഭായോഗത്തില്‍ തീരുമാനം.
 
ഉമ്മന്‍ചാണ്ടി മന്ത്രിസഭ കഴിഞ്ഞ ജനവരി ഒന്നുമുതല്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങളാണ് ഇങ്ങനെ പരിശോധിക്കുക. ഇതിനായി മന്ത്രി എ.കെ.ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചതായി മന്ത്രിസഭാ തീരുമാനങ്ങള്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
 
മന്ത്രിമാരായ തോമസ് ഐസക്, വി.എസ്.സുനില്‍കുമാര്‍, മാത്യു ടി.തോമസ്, എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് മന്ത്രിസഭാ ഉപസമിതിയംഗങ്ങള്‍.
യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ ഭൂമി സംബന്ധമായ തീരുമാനങ്ങളടക്കമുള്ള വിവാദ തീരുമാനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കണമെന്ന് നേരത്തേ എല്‍.ഡി.എഫ്. യോഗം തീരുമാനിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണരംഗത്തും ഇടതുമുന്നണി സംസ്ഥാന സര്‍ക്കാരിനെതിരെ ഈ തീരുമാനങ്ങള്‍ ആയുധമാക്കിയിരുന്നു.
 
യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ കാരുണ്യ പദ്ധതിപോലെയുള്ള ചികിത്സാ സഹായപദ്ധതികള്‍ പുനഃപരിശോധിക്കുമോയെന്ന ചോദ്യത്തിന് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയും തടസ്സപ്പെടില്ലെന്നും എന്നാല്‍ ജനദ്രോഹകരമായ പദ്ധതികള്‍ നിര്‍ത്തുമെന്നും മുഖ്യമന്ത്രി പിണറായി മറുപടി നല്‍കി.
 
മദ്യനയം സംബന്ധിച്ച ചോദ്യത്തിന് അക്കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടില്ലെന്നായിരുന്നു മറുപടി. എന്നാല്‍ അതു സംബന്ധിച്ച് ചര്‍ച്ച നടത്തേണ്ടിവരുമെന്നും അപ്പോള്‍ മറുപടി നല്‍കാമെന്നും പിണറായി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് ധവളപത്രം പുറപ്പെടുവിക്കുമോയെന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ ധനസ്ഥിതി ആകെ തകരാറിലാണെന്നും എന്നാല്‍ ധവളപത്രം പുറപ്പെടുവിക്കുന്ന കാര്യം ഈ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ലെന്നും പിണറായി പറഞ്ഞു.