പലതായ നിന്നെയിഹ ഒന്നെന്നു കണ്ട്....


കാസര്‍കോട്:
ഏറ്റവുമധികം ഗ്രൂപ്പ് വില്ലേജുകളുള്ള ജില്ല ഏതെന്ന് ഒരു പി.എസ്.സി. ചോദ്യപ്പേപ്പറിലും ചോദിക്കില്ല. കാരണം സംസ്ഥാനത്തിനുതന്നെ നാണക്കേടാണത്. മൂന്നും നാലും വില്ലേജുകള്‍ക്കായി ഒരു വില്ലേജ് ഓഫീസ് എന്നതാണ് ഗ്രൂപ്പ് വില്ലേജ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത്തരത്തിലുള്ള 25 ഗ്രൂപ്പ് വില്ലേജുകളാണ് കാസര്‍കോട് ജില്ലയിലുള്ളത്. ഈ നാടിന്റെ വികസനം മുരടിച്ചുപോകുന്നതിന്റെ അടിസ്ഥാനവും ഇതുതന്നെ. കാസര്‍കോട് ജില്ലയിലെ മാറിമാറിവരുന്ന ഒരു ജനപ്രതിനിധിപോലും ഇക്കാര്യത്തില്‍ കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ല.
ജില്ലയില്‍ നാല് താലൂക്കുകളിലായി 127 വില്ലേജുകളാണുള്ളത്. പക്ഷേ, ആകെ വില്ലേജോഫീസുകള്‍ 83 എണ്ണംമാത്രം. ബാക്കിയുള്ളവയൊക്കെ ഓരോ വില്ലേജ് ഓഫീസിന്റെ ഇടയില്‍ തിരുകിവെച്ചിരിക്കുകയാണ്. നാലും അഞ്ചും വില്ലേജുകള്‍ക്ക് ഒരു വില്ലേജോഫീസാണെങ്കിലും മറ്റ് ഓഫീസുകളുടെ അതേ സ്റ്റാഫ് പാറ്റേണാണ് ഇവിടെയും അനുവര്‍ത്തിക്കുന്നത്. ഇതുകൊണ്ട് ഒരേയൊരു ഗുണം മാത്രമേയുള്ളൂ. അധികതസ്തികകള്‍ സൃഷ്ടിക്കാതെ സര്‍ക്കാരിന് പണം ലാഭിക്കാം. ദുരിതംമുഴുവന്‍ ജനങ്ങള്‍ക്കും റവന്യു ഉദ്യോഗസ്ഥര്‍ക്കും പങ്കിട്ടെടുക്കാം!
ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു വില്ലേജ് ഓഫീസിലും കാര്യങ്ങള്‍ നേരെ ചൊവ്വേ നടക്കില്ല. ചെറിയ ആവശ്യങ്ങള്‍ക്കുപോലും കിലോമീറ്ററുകള്‍ ദൂരെയുള്ള വില്ലേജ് ഓഫീസില്‍ പൊതുജനത്തിന് പലവട്ടം കയറിയിറങ്ങേണ്ടിവരുന്ന അവസ്ഥയാണ്. ജോലിഭാരംമൂലം സമയത്ത് സര്‍ട്ടിഫിക്കറ്റുകള്‍വരെ നല്കാന്‍ കഴിയാത്ത സ്ഥിതിയിലാണ് ഉദ്യോഗസ്ഥര്‍. ഗ്രൂപ്പ് വില്ലേജ് സമ്പ്രദായം അടിയന്തരമായി വിഭജിച്ച് ജോലിഭാരം കുറയ്ക്കണമെന്ന് വില്ലേജ് ഓഫീസര്‍മാര്‍ റവന്യൂ മന്ത്രിക്കുമുന്നില്‍ നേരിട്ട് ആവശ്യപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല.
കാസര്‍കോടിന്റെ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോ. പ്രഭാകരന്‍ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗ്രൂപ്പ് വില്ലേജ് സമ്പ്രദായം അവസാനിപ്പിക്കണമെന്ന് എടുത്തുപറയുന്നുണ്ട്. ഈ സംവിധാനം മൂലം സാധാരണജനങ്ങള്‍ക്ക് റവന്യുവകുപ്പിന്റെ സേവനങ്ങള്‍ ലഭിക്കുന്നതില്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ള 13 വില്ലേജുകള്‍ അടിയന്തരമായി വിഭജിക്കണമെന്ന് കമ്മീഷന്‍ 2012-ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പ്രഥമപരിഗണന നല്കി ആവശ്യപ്പെട്ടതാണ്. നാലുവര്‍ഷം കഴിഞ്ഞിട്ടും ഇത്തരത്തിലൊരു നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.
വികസനത്തില്‍ ഏറെ പിന്നാക്കം നില്ക്കുന്ന കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ ഗ്രൂപ്പ് വില്ലേജുകളുള്ളത്. കുമ്പള ഭാഗത്തെ ഇച്ചിലങ്കോട് വില്ലേജ് ഓഫീസിനുകീഴില്‍ മാത്രം ഇച്ചിലങ്കോട്, ബേക്കൂര്‍, ഹേരൂര്‍, ഷിറിയ, കുമ്പനൂര്‍ എന്നിങ്ങനെ അഞ്ച് വില്ലേജുകളാണ് വരുന്നത്. നാട്ടുകാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഇതുമൂലമുണ്ടാകുന്ന ദുരിതം ഊഹിക്കാവുന്നതിനും അപ്പുറമാണ്. വില്ലേജ് ഓഫീസുകള്‍ക്കായി സ്ഥലം കണ്ടെത്താന്‍ പ്രശ്‌നമില്ലെങ്കിലും അധികതസ്തിക സൃഷ്ടിക്കുന്നതിനോടുള്ള സര്‍ക്കാരിന്റെ വിമുഖതയാണ് പ്രശ്‌ന പരിഹാരത്തിന് തടസ്സം. രാഷ്ട്രീയം മാറ്റിവെച്ച് ജനപ്രതിനിധികള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ടതും പ്രഥമപരിഗണന നല്‍കേണ്ടതും ഈ പ്രശ്‌നത്തിനാണെന്നതില്‍ തര്‍ക്കമില്ല.
താലൂക്കുകളിലെ വില്ലേജുകളും അതില്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് വില്ലേജുകളും

കാസര്‍കോട് താലൂക്ക്
1. കൂഡ്‌ലു (കൂഡ്‌ലു, ഷിറിബാഗിലു, പുത്തൂര്‍)
2. കാസര്‍കോട് (കാസര്‍കോട്, അടുക്കത്ത് ബയല്‍)
3. മധൂര്‍ (മധൂര്‍, പട്‌ള)
4. കുമ്പഡാജെ (കുമ്പഡാജെ, ഉബ്രങ്ങള)
5. നെട്ടണിഗെ (നെട്ടണിഗെ, ബെള്ളൂര്‍)
6. ചെങ്കള (ചെങ്കള, മുട്ടത്തൊടി)
7. പാടി (പാടി, നെക്രാജെ)
9. കളനാട് (കളനാട്, ചെമ്മനാട്)
10 തെക്കില്‍ (തെക്കില്‍, പെരുമ്പള)
11. പുത്തൂര്‍ (കൂഡ്‌ലു പാര്‍ട്ട്, ഷിറിബാഗിലു)
12. ആദൂര്‍ (ആദൂര്‍, കറഡുക്ക)
മഞ്ചേശ്വരം താലൂക്ക്
1. കുഞ്ചത്തൂര്‍ (കുഞ്ചത്തൂര്‍, ഉദ്യാവര)
2. ഹൊസബെട്ടു (ഹൊസബെട്ടു, ബങ്കര മഞ്ചേശ്വരം, ബഡാജെ)
3. കടമ്പാര്‍ (കടമ്പാര്‍, കുളൂര്‍, മൂടംബയല്‍, മജിബയല്‍)
4. മീഞ്ച (മീഞ്ച, കളിയൂര്‍, കോളിയൂര്‍, തലക്കള)
5. കൊടലമൊഗറു (കൊടലമൊഗറു, പാത്തൂര്‍)
6. വൊര്‍ക്കാടി (വൊര്‍ക്കാടി, പാവൂര്‍)
7. ഇച്ചിലങ്കോട് (ഇച്ചിലങ്കോട്, ബേക്കൂര്‍, ഹേരൂര്‍, ഷിറിയ, കുമ്പനൂര്‍)
8. ഉപ്പള (ഉപ്പള, കോടിബയല്‍, മംഗല്‍പാടി, മുളിഞ്ച)
9. പൈവെളിഗെ (പൈവെളിഗെ, ചിപ്പാര്‍)
10. കയ്യാര്‍ (കയ്യാര്‍, കുടലമര്‍ക്കള)
11. ബംബ്രാണ (ബംബ്രാണ, ആരിക്കാടി, കിടൂര്‍, ഉജറുള്‍വാര്‍)
12. കോയിപ്പാടി (കോയിപ്പാടി, ഇച്ചിലംപാടി, മൊഗ്രാല്‍)
13. ഇടനാട് (ഇടനാട്, കണ്ണൂര്‍, പുത്തിഗെ)
14.ബാഡൂര്‍ (ബാഡൂര്‍, അംഗടിമുഗര്‍, മുഗു)
15. പഡ്രെ (പഡ്രെ, കാട്ടുകുക്കെ)
ഹൊസ്ദുര്‍ഗ് താലൂക്ക്
1.കീക്കാന്‍ (കീക്കാന്‍, പള്ളിക്കര)
2.മാണിയാട്ട് (മാണിയാട്ട്, പിലിക്കോട്)
3. തിമിരി (തിമിരി, ക്ലായിക്കോട്)
വെള്ളരിക്കുണ്ട് താലൂക്ക്
1.ചീമേനി രണ്ട് (ചീമേനി രണ്ട്, കരിന്തളം)