കണ്ണൂർ: നാടിന് ആശ്വാസമായി ക്ലീൻ കേരള ക്ലീനാക്കിയത് 5918 ടൺ പ്ലാസ്റ്റിക് മാലിന്യം. കോവിഡ്-മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി ജൂൺ 30 വരെ ശേഖരിച്ചതാണിത്. ശുചിത്വ മിഷൻ, ഹരിത കേരളം മിഷൻ, ക്ലീൻ കേരള എന്നിവ ചേർന്നുള്ള ഈ ശുചീകരണ പദ്ധതി ഇനിയും തുടരും.

എന്നാൽ, ഈ അജൈവ മാലിന്യ ശേഖരണത്തിൽ പങ്കാളികളായത് 1034-ൽ 408 തദ്ദേശസ്ഥാപനങ്ങൾമാത്രമാണ്. നാല് ജില്ലകളിൽമാത്രം 50 ശതമാനത്തിനു മുകളിൽ ശേഖരിച്ചു. ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ക്ലീൻ കേരളയുടെ നേതൃത്വത്തിലാണ് കൊണ്ടുപോകുന്നത്. ഇപ്പോൾ ശേഖരിച്ചവയിൽ 2015 ടൺ കൊച്ചിയിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.ഇ.ഐ.എൽ.) സംസ്‌കരിച്ചു.

ഇനിയും ബാക്കിയുണ്ട്

626 തദ്ദേശസ്ഥാപനങ്ങൾ പങ്കാളിയാവാൻ ഇനിയും ബാക്കിയുണ്ട്. മാലിന്യം എടുക്കാൻ ബാക്കിയില്ലാത്തവയും മറ്റു സ്വകാര്യ ഏജൻസികൾക്ക് സംസ്കരണത്തിനു നൽകിയ തദ്ദേശസ്ഥാപനങ്ങളും ഒഴിച്ചുനിർത്തിയാലും ഇനിയും കുന്നോളം മാലിന്യം ഓരോ വാർഡിലും ബാക്കിയുണ്ട്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട് ജില്ലകളാണ് അമ്പത് ശതമാനത്തിനു മുകളിൽ ശേഖരിച്ചത്. 10 ശതമാനംപോലും ശേഖരിക്കാത്ത ജില്ലയുമുണ്ട്. ഹരിത കർമസേന വീടുകളിൽനിന്നും മറ്റും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം സംഭരിക്കാനുള്ള സംവിധാനം പലയിടത്തും ഇല്ലാത്തതാണ് തിരിച്ചടിയാകുന്നത്. ഈ സംവിധാനം ഏർപ്പെടുത്താൻ പുതിയ നിർദേശം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന ശുചിത്വമിഷൻ അധികൃതർ പറഞ്ഞു.

ശേഖരിച്ച മാലിന്യം ടൺ കണക്കിൽ

കാസർകോട് 192

കണ്ണൂർ 487

വയനാട് 122

കോഴിക്കോട് 1158

മലപ്പുറം 457

പാലക്കാട് 116

തൃശ്ശൂർ 691

എറണാകുളം 1092

ഇടുക്കി 51

കോട്ടയം 255

ആലപ്പുഴ 430

പത്തനംതിട്ട 124

കൊല്ലം 631

തിരുവനന്തപുരം 108