തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരള (ഐ.ഐ.ഐ.ടി.എം.കെ) യുടെ കമ്പ്യൂട്ടിങ് ആൻഡ് നെറ്റ്‌വർക്ക് കമ്യൂണിക്കേഷൻസിലെ രാജ്യാന്തര സമ്മേളനമായ ’കൊകൊനെറ്റ് 19’ പള്ളിപ്പുറത്ത് നടക്കും. അസോസിയേഷൻ ഓഫ് കംപ്യൂട്ടിങ് മെഷീനറി തിരുവനന്തപുരം പ്രൊഫഷണൽ ചാപ്റ്ററിന്റെ നേതൃത്വത്തിൽ 18 മുതൽ 21 വരെ പള്ളിപ്പുറം ടെക്‌നോസിറ്റി കാമ്പസിലാണ് മൂന്നാം സമ്മേളനം.

അപ്ലൈഡ് സോഫ്റ്റ് കംപ്യൂട്ടിങ് ആൻഡ് കമ്യൂണിക്കേഷൻ നെറ്റ് വർക്ക് അടിസ്ഥാനമാക്കി ’എസിഎൻ 19’ രാജ്യാന്തര സമ്മേളനവും ഇതിനോടൊപ്പം നടക്കും.

ആഗോള തലത്തിലെ പ്രശസ്തരായ ഗവേഷകർ ആശയങ്ങൾ അവതരിപ്പിക്കുന്ന സമ്മേളനം ഗവേഷണ വിദ്യാർത്ഥികൾക്കും മേഖലയിലെ ഉദ്യോഗസ്ഥർക്കും വിദഗ്ധർക്കും ഗവേഷണഫലങ്ങളും നൂതന ആശയങ്ങളും അവതരിപ്പിക്കുന്നതിനും മറ്റു ഗവേഷകരുമായി സംവദിക്കുന്നതിനും വേദിയാകും. ഗവേഷണ, എൻജിനീയറിങ് മേഖലയിലുള്ള ആയിരത്തോളം വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

പതിനഞ്ചോളം സിംപോസിയങ്ങളും ഇതിന്റെ ഭാഗമാണ്. സ്ത്രീശാക്തീകരണം മുൻനിർത്തി ‘വുമൺ ഇൻ കംപ്യൂട്ടിങ്’ 20 ന് സംവാദം സംഘടിപ്പിക്കുന്നുണ്ട്. അവസാന ദിനത്തിൽ കേരള ബ്ലോക്ക് ചെയിൻ അക്കാദമിയുടെ നേതൃത്വത്തിലുള്ള ശില്പശാലയും നടക്കും.