കൊച്ചി: മരട് ഫ്ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ച് സമീപവാസികൾക്ക് ആശങ്ക നിലനിൽക്കെ, സർക്കാർ നിയോഗിച്ച സാങ്കേതിക സമിതിയുടെ യോഗം ചൊവ്വാഴ്ച 11-ന് മരടിൽ ചേരും. നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന ഫ്ളാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കുന്നതിനുള്ള ഏജൻസികളെ തീരുമാനിക്കുകയാണ് മുഖ്യ ലക്ഷ്യം. എങ്കിലും വീടുകൾക്ക് കേടുപാട് സംഭവിക്കുന്നുവെന്ന സമീപവാസികളുടെ ആശങ്കകളും ചർച്ചയ്ക്ക് വരും.
അവശിഷ്ടങ്ങൾ നീക്കാൻ നാല് ഏജൻസികളെയാണ് ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്ത് സംശയങ്ങൾക്ക് മറുപടി നൽകും. കൂടുതൽ മികവുള്ളവരെ തിരഞ്ഞെടുക്കും.
ഇൻഷുറൻസ് തീരുമാനം ഈയാഴ്ച
പൊളിക്കുന്ന ഫ്ലാറ്റുകളുടെ പരിസരത്തുള്ള വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുന്ന കാര്യത്തിൽ ഈയാഴ്ച തീരുമാനമാകുമെന്ന് പൊളിക്കൽ ചുമതലയുള്ള ഫോർട്ട്കൊച്ചി സബ് കളക്ടർ സ്നേഹിൽകുമാർ സിങ് പറഞ്ഞു. ഇതു സംബന്ധിച്ച് തിങ്കളാഴ്ച അദ്ദേഹം നഗരസഭാധികൃതരുമായി ചർച്ച നടത്തി. ഒരു ടവറിന് 25 കോടി വീതം ആകെ 125 കോടിയുടെ ഇൻഷുറൻസ് പരിരക്ഷ വേണമെന്നായിരുന്നു നഗരസഭയുടെ ആവശ്യം. സ്ഫോടന ദിവസം പ്രാബല്യത്തിൽ വരുന്ന രീതിയിൽ നടപ്പാക്കും. ക്ലെയിമുകളുടെ 75 ശതമാനം ഇൻഷുറൻസ് കമ്പനിയും ബാക്കി പൊളിക്കൽ ഏജൻസിയും വഹിക്കുന്ന തരത്തിലും ചർച്ച നടന്നു. ഇതിനകം ഉണ്ടായ കേടുപാടുകൾ കമ്പനി തന്നെ പരിഹരിക്കണമെന്നും നിർദേശം വന്നു. ഇക്കാര്യങ്ങളിലൊന്നും അന്തിമ തീരുമാനമായിട്ടില്ല. വ്യവസ്ഥകൾ പൂർത്തിയാക്കി ഈയാഴ്ച കരാർ ഒപ്പിടും. ചെയർപേഴ്സൺ ടി.എച്ച്. നദീറ, വൈസ് ചെയർമാൻ ബോബൻ നെടുംപറമ്പിൽ, ഡിവിഷൻ കൗൺസിലർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ആശങ്ക പരിഹരിക്കാൻ യോഗം നാളെ
ഫ്ളാറ്റുകളുടെ സമീപത്തുള്ളവരുടെ ആശങ്ക പരിഹരിക്കാൻ ബുധനാഴ്ച രണ്ടരയ്ക്ക് പ്രത്യേക യോഗം വിളിച്ചതായി സ്നേഹിൽകുമാർ പറഞ്ഞു. ആൽഫ ഫ്ളാറ്റിനു സമീപമുള്ളവരെ സന്ദർശിച്ചിരുന്നു. സമീപ വീടുകളിലേക്ക് അവശിഷ്ടങ്ങൾ വീഴാത്ത വിധം പൊളിക്കൽ നടത്താൻ ഏജൻസിയോട് നിർദേശിച്ചിട്ടുണ്ട്. ശനിയാഴ്ചയ്ക്കു ശേഷം പരാതികൾ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വീഡിയോ ഷൂട്ടിങ് തീരാറായി
ഫ്ളാറ്റുകളുടെ സമീപത്തുള്ള വീടുകളുടെ വീഡിയോ ഷൂട്ടിങ് പൂർത്തിയാകാറായി. കേടുപാടുകൾ ഉണ്ടായാൽ കണ്ടെത്തുന്നതിനാണ് ഇപ്പോഴെ വീഡിയോ എടുത്തുവെക്കുന്നത്. ഫ്ളാറ്റിന്റെ 50 മീറ്റർ ചുറ്റളവാണ് ഹൈ റിസ്ക് ഏരിയയായി കണക്കാക്കുന്നത്. ഫ്ലാറ്റിന്റെ ചുറ്റുമതിലിൽനിന്നുള്ള 50 മീറ്ററാണ് കണക്കാക്കുന്നത്. ജനുവരി 11, 12 തീയതികളിലാണ് സ്ഫോടനം.