തിരുവനന്തപുരം: സി.എ.ജി. ഓഡിറ്റ് സംബന്ധിച്ച കേരള അടിസ്ഥാന സൗകര്യ വികസന നിധിയുടെ (കിഫ്ബി) നിലപാട് ശരിയാണെന്ന് മുൻ സി.എ.ജി.യും കിഫ്ബി ഫണ്ട് ട്രസ്റ്റി അഡ്വൈസറി കമ്മിഷൻ അധ്യക്ഷനുമായ വിനോദ് റായ്. ധനവിനിയോഗം ഉൾപ്പെടെ കിഫ്ബിയുടെ പ്രവർത്തനങ്ങൾ നിയമാനുസൃതമാണെന്നും ആസ്തിബാധ്യതാ കൈകാര്യ മാതൃക കാര്യക്ഷമമാണെന്നും അദ്ദേഹം വിലയിരുത്തിയതായി കിഫ്ബി വ്യക്തമാക്കി. വിനോദ് റായ്‌യുടെ അധ്യക്ഷതയിൽ ചേർന്ന കമ്മിഷൻ യോഗം കിഫ്ബിക്ക് വിശ്വാസ്യതാ സർട്ടിഫിക്കറ്റ് നൽകി. ഈ വർഷം മേയ് മുതൽ സെപ്റ്റംബർവരെയുള്ള കാലത്തേക്കാണ് സർട്ടിഫിക്കറ്റ്.
സി.എ.ജി. ഓഡിറ്റ് വിവാദമായ സാഹചര്യത്തിൽ സർക്കാരിന്റെയും കിഫ്ബിയുടെയും നിലപാടുകളും എ.ജി.ക്കുനൽകിയ മറുപടിയും കിഫ്ബി മേധാവി ഡോ. കെ.എം. എബ്രഹാം കമ്മിഷനുമുന്നിൽ അവതരിപ്പിച്ചു. കിഫ്ബിയിൽ ചട്ടം 20 പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി ഓഡിറ്റാണ് സംസ്ഥാന അക്കൗണ്ടന്റ് ജനറൽ ആവശ്യപ്പെട്ടത്. എന്നാൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിനുപകരം ചട്ടം 14 പ്രകാരം സി.എ.ജി.ക്ക് എക്കാലവും കിഫ്ബിയിൽ ഓഡിറ്റ് നടത്താമെന്നാണ് സർക്കാർ അറിയിച്ചത്. സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് മറ്റൊരു ഏജൻസി നിർവഹിക്കും.
കിഫ്ബി പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പണസമാഹരണവും ചെലവും സംബന്ധിച്ച കണക്കുകളും കമ്മിഷൻ പരിശോധിച്ചു. തിരിച്ചടവ് ഉൾപ്പെടെയുള്ള ബാധ്യതകളെ നേരിടാനുള്ള വരുമാനം ഉറപ്പാക്കാനുള്ള നിർദേശങ്ങളും നൽകി.
കിഫ്ബി പണസമാഹരണവും ചെലവും നിരീക്ഷിക്കാൻ ചട്ടപ്രകാരമുള്ള സംവിധാനമാണ് ഫണ്ട് ട്രസ്റ്റി അഡ്വൈസറി കമ്മിഷൻ. വിനോദ് റായ്‌ക്കുപുറമേ കമ്മിഷൻ അംഗമായ ബാങ്ക് ഓഫ് ഇന്ത്യ നോൺ എക്‌സിക്യുട്ടീവ് ചെയർമാൻ ജി. പദ്മനാഭൻ നേരിട്ടും മറ്റൊരംഗമായ റിസർവ് ബാങ്ക് മുൻ ഡെപ്യൂട്ടി ഗവർണർ ഉഷ തോറാട്ട് വിഡിയോ കോൺഫറൻസിലൂടെയും പങ്കെടുത്തു.