പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ചെള്ളുപനി പടരുന്നു. ഇൗ വർഷം 11 മാസത്തിനിടെ 480 പേർക്ക് രോഗം സ്ഥിരീകരിച്ചു. 11 പേർ മരിച്ചു. 2015-ലാണ് സംസ്ഥാനത്ത് വ്യാപകമായി ചെള്ളുപനി റിപ്പോർട്ട് ചെയ്തത്. അന്ന് 1149 പേർക്ക് രോഗം സ്ഥിരീകരിച്ചു. 15 പേർ മരിച്ചു.

ചെള്ളുപനി (സ്ക്രബ് ടൈഫസ്)

* ഒറെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലമുണ്ടാകുന്ന പനി.

* എലികളിൽനിന്നും മറ്റും ചെള്ളുവഴി പടരുന്ന ബാക്ടീരിയയാണിത്. ഇൗ ചെള്ള് മനുഷ്യനെ കടിച്ചാൽ രോഗം പിടിപെടും.

* തുടക്കത്തിൽത്തന്നെ വൈദ്യസഹായം കിട്ടിയില്ലെങ്കിൽ പ്രതിരോധശേഷി തകരാറിലാവും.

ലക്ഷണം

* ചെള്ളിന്റെ കടിയേറ്റ് ബാക്ടീരിയ ശരീരത്തിൽ കടന്നാൽ രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങൾ കാണിക്കും.

* കടിയേറ്റ ഭാഗത്ത് കറുപ്പുനിറം കാണാം.

* പനി, കടുത്ത തലവേദന, ശരീരത്തിൽ പാടുകൾ കാണപ്പെടുക, വിറയൽ.

പ്രതിരോധമാർഗങ്ങൾ

ചെള്ള് വഴി പകരുന്ന രോഗമായതിനാൽ ഇത് ഒഴിവാക്കാനായി കാടുകൾ വെട്ടൽ, ഇവയെ നശിപ്പിക്കാനായുള്ള സ്പ്രേയിങ് തുടങ്ങിയവയും എലിനിയന്ത്രണവുമാണ് പ്രതിരോധമാർഗങ്ങളിൽ പ്രധാനം.

വർഷം രോഗബാധിതർ മരണം

2017 340 5

2018 400 6

2019 480 11