കണ്ണൂർ: സബ് സ്റ്റേഷനുകളിലെ വൈദ്യുതി തടസ്സം ഉപഭോക്താവിനെ ബാധിക്കാതെ പരിഹരിക്കാനുള്ള സ്കാഡ സംവിധാനം കണ്ണൂർ, കൊല്ലം നഗരങ്ങളിലും നടപ്പാക്കും. തിരുവനന്തപുരത്ത് പ്രവർത്തനക്ഷമമായ സംവിധാനം കൊച്ചിയിലും കോഴിക്കോട്ടും അവസാനഘട്ടത്തിലാണ്. വൈദ്യുതിവിതരണ സംവിധാനം നാലുവർഷംകൊണ്ട് പൂർണമായും ആധുനികവത്കരിക്കുന്നതിനുള്ള ‘ദ്യുതി’ പദ്ധതിയുടെ ഭാഗമായാണ് പരിഷ്കാരം.
സബ് സ്റ്റേഷനുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന റിങ് മെയിൻ യൂണിറ്റിനെ സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡാറ്റ അക്വിസിഷൻ സ്കീം (സ്കാഡ) സംവിധാനത്തിലൂടെ കൺട്രോൾ റൂമിലിരുന്ന് പ്രവർത്തിപ്പിക്കാം. കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലുമായി സ്കാഡ നടപ്പാക്കുന്നതിനായി 140 ആർ.എം. യൂണിറ്റുകൾ വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്.
നഗരങ്ങളിൽ ഭൂഗർഭ കേബിളുകളും അത് പറ്റാത്ത ഇടങ്ങളിൽ ഏരിയൽ ബഞ്ച്ഡ് കണ്ടക്ടർ കേബിളും സ്ഥാപിക്കുക, ട്രാൻസ്ഫോമർ സംവിധാനം മെച്ചപ്പെടുത്തുക എന്നിവയും ദ്യുതി പദ്ധതിയുടെ ഭാഗമാണ്. പദ്ധതിയുടെ ആദ്യഘട്ടം അടുത്തമാസത്തോടെ പൂർത്തിയാകും.