കോയമ്പത്തൂർ: ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയിലുള്ള മാവോവാദി ദീപക്കിനെ കാണാൻ ജയിലധികൃതർ അഭിഭാഷകരെ അനുവദിച്ചില്ല. അതിനിടെ, ദീപക്കിനെ കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ പോലീസ് പിൻവലിച്ചു.
കേസ് രജിസ്റ്റർചെയ്തിട്ടുള്ള തടാകം പോലീസാണ് കഴിഞ്ഞദിവസം ദീപക്കിനെ അന്വേഷണത്തിനായി വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ചൊവ്വാഴ്ച കസ്റ്റഡിയപേക്ഷ കോടതിയിൽ വന്നപ്പോൾ ദീപക്കിനെ കാണാനനുവദിക്കണമെന്ന് ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ അഭിഭാഷകർ ദീപക്കിനെ കാണാൻ ശ്രമിച്ചിരുന്നെങ്കിലും ജയിലധികൃതരും ആശുപത്രിയധികൃതരും സമ്മതിച്ചിരുന്നില്ല. ചൊവ്വാഴ്ച വിഷയം കോടതിയിൽ ഉന്നയിച്ചപ്പോഴാണ് ദീപക്കിനെ കാണാൻ കോടതി അനുവദിച്ചത്.
എന്നാൽ, അതിനുശേഷവും അഭിഭാഷകരെ അനുവദിച്ചില്ല. വൈകീട്ട് ഇക്കാര്യം കോടതിയിൽ അറിയിക്കുമ്പോഴേക്കും കസ്റ്റഡിയപേക്ഷ പോലീസ് പിൻവലിക്കുകയും ചെയ്തു. അപേക്ഷ പിൻവലിക്കുന്നതിന് പോലീസ് കാരണങ്ങളൊന്നും പുറത്തുപറഞ്ഞില്ല.
ഛത്തീസ്ഗഢിൽ 2010-ൽ 76 സി.ആർ.പി.എഫ്. ജവാന്മാരെ ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ ദീപക്കിന്റെ പങ്ക് സംശയിക്കുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ദീപക്കിനെ വിട്ടുകിട്ടാൻ ഛത്തീസ്ഗഢ് പോലീസ് കോയമ്പത്തൂരിലെത്തിയിട്ടുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് ഇവർ കോടതിയെ സമീപിക്കുമെന്നാണറിയുന്നത്.
ഇതിന്റെ ഭാഗമായാണോ തമിഴ്നാട് പോലീസ് കസ്റ്റഡിയപേക്ഷ പിൻവലിച്ചതെന്നു സംശയമുണ്ട്. കോയമ്പത്തൂരിലെ ജയിൽ ആശുപത്രിയിലാണ് ദീപക് ഇപ്പോഴുള്ളത്.