ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറയിൽ പരേതനായ കൂനൻ പോൾസന്റെ ഭാര്യ ആലീസിനെ (58) കഴുത്തറുത്തുകൊന്ന കേസിൽ ഒരാൾ കസ്റ്റഡിയിലെന്ന് സൂചന. മറുനാടൻ തൊഴിലാളിയാണ് പോലീസ് കസ്റ്റഡിയിലുള്ളതെന്നാണ് വിവരം. വ്യാഴാഴ്ച വൈകുന്നേരമാണ് ആലീസിനെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആലീസ് ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. എന്നാൽ, വീട്ടിനുള്ളിലുണ്ടായിരുന്ന സ്വർണം മോഷണംപോയിട്ടില്ല. സംഭവം നടന്നത് ഉച്ചയോടെയാണെന്ന് വ്യക്തമായിരുന്നു. പന്ത്രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. കൊലപാതകത്തിന്റെ രീതിയും മറ്റുംവെച്ചാണ് മറുനാടൻ തൊഴിലാളികളിലേക്ക് അന്വേഷണം നീണ്ടത്. ഒന്നിലേറെപ്പേർ ചേർന്നാണ് കൃത്യം നിർവഹിച്ചതെന്നാണ് സൂചന.
സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും വൈകാതെ പ്രതികൾ പിടിയിലാകുമെന്നും സ്ഥലം സന്ദർശിച്ച ഡി.ഐ.ജി. എസ്. സുരേന്ദ്രൻ പറഞ്ഞു. റൂറൽ എസ്.പി. വിജയകുമാർ, ഡിവൈ.എസ്.പി. ഫേമസ് വർഗീസ്, സി.ഐ. പി.ആർ. ബിജോയ്, എസ്.ഐ. കെ.എസ്. സുബിന്ത്, ക്രൈം ബ്രാഞ്ച് എസ്.ഐ. മുഹമ്മദ്റാഫി എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.
വെള്ളിയാഴ്ച 11.30-ഒാടെ ഇൻക്വസ്റ്റ് നടപടികളും ഫിംഗർ പ്രിൻറ് വിദഗ്ധരുടെ പരിശോധനയും പൂർത്തിയാക്കി മൃതദേഹം തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. തൃശ്ശൂരിൽനിന്നുള്ള ഡോഗ് സ്ക്വാഡും എത്തിയിരുന്നു. കൊല്ലപ്പെട്ട ആലീസിന്റെ മകൻ അന്തോണീസ് യു.കെ.യിൽനിന്ന് ശനിയാഴ്ച പുലർച്ചെ നാട്ടിലെത്തും.