: 1). ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ
മതവിശ്വാസം പുലർത്താനും പ്രചരിപ്പിക്കാനും ഭരണഘടനയുടെ 25 (1) വകുപ്പ് പ്രകാരം എല്ലാവർക്കും അവകാശമുണ്ട്. അതിൽ ലിംഗഭേദമില്ല. അതിനാൽ 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശച്ചട്ടം മൂന്ന് (ബി) വകുപ്പ് സ്ത്രീകളുടെ അവകാശത്തിന്റെ ലംഘനമാണ്. ശബരിമലയിലെ യുവതീവിലക്കിന് തുടർച്ചയില്ല. അതുകൊണ്ടുതന്നെ അനിവാര്യമായ ആചാരവുമല്ല. അയ്യപ്പൻമാർ പ്രത്യേക വിശ്വാസിസമൂഹവുമല്ല.
2). ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
സ്ത്രീകളുടെ അന്തസ്സിന് കളങ്കമേൽപ്പിക്കുന്നതും തുല്യത ഇല്ലാതാക്കുന്നതുമായ ഒന്നിനും ഭരണഘടനാ സാധുതയില്ല. ആരാധനയിൽനിന്ന് സ്ത്രീകളെ ഒഴിവാക്കുന്നത് ഭരണഘടനാ ധാർമികതയ്ക്ക് എതിരാണ്. ആർത്തവത്തിന്റെ പേരിലുള്ള ഒഴിവാക്കൽ അയിത്തം തന്നെയാണ്. വ്യക്തികളുടെ ശുദ്ധി, അശുദ്ധി തുടങ്ങിയ സങ്കല്പങ്ങൾക്ക് ഭരണഘടനയിൽ സ്ഥാനമില്ല.
3). ജസ്റ്റിസ് റോഹിങ്ടൺ നരിമാൻ
യുവതികളെ വിലക്കുന്നത് ആചാരമാണെങ്കിലും നിയമത്തിനെതിരാണ്. എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശം അനുവദിക്കുന്നതാണ് കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശച്ചട്ടത്തിലെ മൂന്നാംവകുപ്പ്. ആയിരത്തിലേറെ അയ്യപ്പക്ഷേത്രങ്ങളുള്ളതിനാൽ ശബരിമല ക്ഷേത്രം പ്രത്യേക വിശ്വാസി സമൂഹത്തിന്റേതാണെന്നു പറയാനാവില്ല. സ്ത്രീകളുടെ ജൈവീകമായ പ്രത്യേകതകൾ ചൂണ്ടിക്കാട്ടി വിലക്കേർപ്പെടുത്തുന്നത് ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും.
4). ജസ്റ്റിസ് ഇന്ദു മൽഹോത്ര (ന്യൂനപക്ഷ വിധി)
മതവിശ്വാസം പുലർത്താനുള്ള ഭരണഘടനാപരമായ അവകാശത്തെ തുല്യതാതത്ത്വം മറികടക്കുന്നില്ല. പ്രത്യേകവിശ്വാസി സമൂഹമാകാനുള്ള മാനദണ്ഡങ്ങൾ അയ്യപ്പന്മാർ പാലിക്കുന്നുണ്ട്. ശബരിമലയിലെ യുവതീവിലക്ക് ഭരണഘടനയിലെ 17-ാം വകുപ്പിന്റെ (അയിത്തം) പരിധിയിൽ വരില്ല. കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശച്ചട്ടത്തിന്റെ മൂന്ന് (ബി) വകുപ്പ് അതേനിയമത്തിന്റെ മൂന്നാംവകുപ്പിന് എതിരല്ല. പ്രത്യേക വിശ്വാസിസമൂഹം നിയന്ത്രിക്കുന്ന ക്ഷേത്രങ്ങൾക്ക് അവരുടെ മതകാര്യങ്ങൾ നിയന്ത്രിക്കാൻ ചട്ടത്തിൽ പറയുന്നുണ്ട്.