തിരുവനന്തപുരം: സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും തലവേദന സൃഷ്ടിക്കുന്ന വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ കേരള ബ്ലോക്‌ചെയിൻ അക്കാദമി ബ്ലോക്‌ചെയിൻ അധിഷ്ഠിത സർട്ടിഫിക്കേഷനു തുടക്കമിട്ടു. ക്യു ആർ കോഡിനു പുറമേ യുണീക്ക് ടൈം സ്റ്റാന്പ്‌, ബ്ലോക് നമ്പർ എന്നിവ തിരിച്ചറിയൽ മുദ്രകളായി സർട്ടിഫിക്കറ്റുകളിൽ ഉപയോഗിക്കും.

അന്താരാഷ്ട്രതലത്തിൽ അംഗീകാരമുള്ള ഈ സർട്ടിഫിക്കേഷൻ തുടക്കമെന്നനിലയിൽ കെ.ബി.എ.യുടെ സർട്ടിഫിക്കറ്റുകളിലാണ് ഉപയോഗിക്കുന്നത്. പിന്നീട് വ്യാപകമായി ഈ സാങ്കേതികവിദ്യ മറ്റു സ്ഥാപനങ്ങൾക്കു നൽകും.

ഐ.ഐ.ഐ.ടി.എം.കെ.യുടെ കീഴിലുള്ള ബ്ലോക്‌ചെയിൻ പഠനഗവേഷണ സ്ഥാപനമായ കെ.ബി.എ. സ്വന്തമായാണ് ഈ സർട്ടിഫിക്കേഷൻ വികസിപ്പിച്ചെടുത്തത്. ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിക്കാനോ അവയിൽ തിരുത്തലുകൾ വരുത്താനോ കഴിയുകയില്ല. വിദേശത്തും മറ്റും തൊഴിൽ തേടിയും ഉപരിപഠനത്തിനായും പോകുന്നവരുടെ ഇത്തരം സർട്ടിഫിക്കറ്റുകൾക്ക് ആഗോളതലത്തിൽ അംഗീകാരമുണ്ട്.