തിരുവനന്തപുരം: ബ്ലോക്‌ചെയിൻ സാങ്കേതികവിദ്യയുടെ ആഗോള സാധ്യതകൾ പൊതുസമൂഹത്തിന് പ്രയോജനപ്പെടുത്താൻ ബ്ലോക്‌ചെയിൻ ക്ലബ്ബുകൾ ആരംഭിക്കുന്നു. ഐ.ഐ.ഐ.ടി.എം-കെയുടെ കീഴിലുള്ള കേരള ബ്ലോക്‌ചെയിൻ അക്കാദമി, കേരള സ്റ്റാർട്ടപ് മിഷനുമായി ചേർന്നാണ് സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ കേരള ബ്ലോക്‌ചെയിൻ ഇന്നൊവേഷൻ ക്ലബ്ബുകൾ ആരംഭിക്കുന്നത്.

ക്ലബ്ബുകൾക്ക് രാജ്യാന്തരപ്രാധാന്യം കൈവരുന്ന തരത്തിൽ സൈപ്രസിലെ നിക്കോഷ്യ സർവകലാശാല, സൈപ്രസിലെതന്നെ ബ്ലോക്‌ചെയിൻ സ്റ്റാർട്ടപ്പായ ബ്ലോക്.കോ എന്നിവയുമായി സഹകരിച്ച് ’ഡിസെൻട്രലൈസ്ഡ്’ എന്ന ആഗോള ബ്ലോക്‌ചെയിൻ വിദ്യാർഥി ശൃംഖലയുടെ ഇന്ത്യ ചാപ്റ്റർ രൂപവത്കരിക്കാനും തീരുമാനിച്ചു. കെ.ബി.എ.ഐ.സി-ഡിസെൻട്രലൈസ്ഡ് എന്ന പേരിലുള്ള ഈ ചാപ്റ്ററിലൂടെ ലോകത്തെ വിവിധ ഭാഗങ്ങളിലെ ബ്ലോക്‌ചെയിൻ വിദഗ്ധരുമായി സഹകരിക്കാനാകും.

കെ.ബി.എ.ഐ.സി-ഡിസെൻട്രലൈസ്ഡ് ഇന്ത്യ ചാപ്റ്ററിന്റെ ഉദ്ഘാടനം ടെക്‌നോപാർക്കിലെ സി-ഡാക്ക് ഓഡിറ്റോറിയത്തിൽ ആറിന് നടക്കും. ചെന്നൈ ഐ.ഐ.ടി. പ്രൊഫസർ ഡോ. ചന്ദ്രശേഖരൻ പാണ്ഡുരംഗൻ മുഖ്യപ്രഭാഷണം നടത്തും. വിവരങ്ങൾക്ക്: https://kba.ai, 0471 2784145/154.