തിരുവനന്തപുരം: കോൺഗ്രസ് പുനഃസംഘടന അന്തിമരൂപത്തിലെത്തിനിൽക്കെ, പ്രമുഖ ഗ്രൂപ്പുകൾ സ്ഥാനങ്ങൾ പങ്കുവെക്കുകയാണെന്ന വിമർശനവുമായി കെ. മുരളീധരൻ എം.പി. മുതിർന്ന നേതാക്കളോട് ആലോചിക്കാതെയാണ് പുനഃസംഘടനാനീക്കമെന്ന് കാണിച്ച് അദ്ദേഹം കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് കത്തുനൽകി.

രാഷ്ട്രീയകാര്യസമിതിയുടെ തീരുമാനപ്രകാരമുള്ള കൂടിയാലോചനകൾ നടക്കുന്നില്ലെന്ന് കത്തിൽ പറയുന്നു. പുനഃസംഘടനയിൽ മതിയായ പരിഗണന കിട്ടുന്നില്ലെന്ന പരാതി മുരളീധരനൊപ്പമുള്ളവർക്കുണ്ട്. പ്രഖ്യാപനത്തിനുമുന്നെ രംഗത്തുവരാൻ മുരളീധരനെ പ്രേരിപ്പിച്ചത് ഇതാണെന്ന് കരുതുന്നു.

രാജീവ് ഗാന്ധിയുടെ 75-ാം ജന്മവാർഷികം പ്രമാണിച്ച് എ.ഐ.സി.സി. സംഘടിപ്പിച്ച പരിപാടികളിൽ പങ്കെടുക്കാൻ കേരളത്തിലെ നേതാക്കൾ ഈയാഴ്ച ഡൽഹിയിലെത്തും. സോണിയയുടെ അനുമതി വാങ്ങി പുനഃസംഘടന പൂർത്തിയാക്കാനാണ് നേതൃത്വം ശ്രമിക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി തുടങ്ങിയ നേതാക്കൾ പലവട്ടം ചർച്ച നടത്തിയാണ് ഇക്കാര്യത്തിൽ ധാരണയിലെത്തിയത്.

ഭാരവാഹികളുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. വർക്കിങ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി വിഭാഗങ്ങളിലായി 25 പേർ മതിയെന്നാണ് ധാരണ. മുൻ ഡി.സി.സി. പ്രസിഡന്റുമാരിൽ കുറച്ചുപേരെ കെ.പി.സി.സി. തലത്തിലേക്ക് കൊണ്ടുവരും. ജനപ്രതിനിധികൾ പാർട്ടി ഭാരവാഹികളാകണോയെന്ന ചോദ്യത്തിന് യോജിച്ച ഉത്തരം കണ്ടെത്തനായില്ലെങ്കിലും അവർക്ക് ഭാരവാഹികളാകുന്നതിന് തടസ്സമില്ലെന്ന ധാരണയുണ്ടായി.