ആലപ്പുഴ: പ്രളയപാഠത്തിന്റെ ഭാഗമായി വിനോദസഞ്ചാര മേഖലയിൽ പരിസ്ഥിതി സൗഹൃദ സർട്ടിഫിക്കറ്റ് (ഗ്രീൻ സർട്ടിഫിക്കറ്റ്) നൽകുന്നു. വിനോദസഞ്ചാരമേഖലയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും ഗ്രേഡ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു.

പരിസ്ഥിതി സൗഹൃദ നിർമാണം നടത്തിയിട്ടുള്ള സ്ഥാപനങ്ങൾക്ക് പ്രത്യേകം പ്രാമുഖ്യം നൽകും. ഇതിനുപുറമേ പ്ലാസ്റ്റിക് രഹിത ഉപകരണങ്ങളും മറ്റും എത്തിച്ചു നൽകും. മുള, ഓല എന്നിവയെല്ലാം ഇതിനായി ആവശ്യത്തിന് എത്തിക്കുന്നുണ്ട്.

ആലപ്പുഴയിലുൾപ്പെടെ പുരവഞ്ചികളും ഗ്രേഡ് തിരിക്കും. മാലിന്യസംസ്കരണം, സോളാർ പാനൽ ഉപയോഗം എന്നിവയുടെയൊക്കെ അടിസ്ഥാനത്തിലാണ് ഗ്രേഡ് തിരിക്കുക. സൈക്കിൾ ടൂർ പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ നേരത്തേ സ്വീകരിച്ചിരുന്നു. ഇത് പരമാവധി സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനും നിർദേശമുണ്ട്. ഉത്തരവാദ ടൂറിസം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിസ്ഥിതിസൗഹൃദ ഒരുക്കങ്ങൾക്ക് സഹായം നൽകുന്നത്.

ഉത്തരവാദ ടൂറിസത്തിനായി നിലവിൽ 16,400 യൂണിറ്റുകളാണ് പ്രവർത്തിക്കുന്നത്. ഇവയിൽ ചിലതിന്റെ സഹകരണത്തിലാണ് ഓല മെടഞ്ഞു നൽകുന്നത്. റിസോട്ടുകൾക്കാവശ്യമായത്ര ഓല ഇവരിൽനിന്നു തന്നെ എത്തിക്കാനാണ് ശ്രമിക്കുന്നത്.

മുളകൊണ്ടുണ്ടാക്കിയ പാത്രങ്ങളും മറ്റും ഫർണിച്ചറുകളും ഇതുപോലെ നൽകും. ഇതിലൂടെ ഉത്തരവാദ ടൂറിസം യൂണിറ്റുകൾക്ക് വരുമാനവുമാകും. പ്രളയവും നിപ വൈറസ് ബാധയും വന്നിട്ടും ടൂറിസം മേഖലയിൽ 2018-ൽ ആറുശതമാനം ഉയർച്ചയുണ്ടായി. ഈ വർഷവും വലിയ മാറ്റം ഉണ്ടാകുമെന്നാണ് ആദ്യപാദ കണക്കുകൾ സൂചിപ്പിക്കുന്നത്.

2019 ജനവരി മുതൽ മാർച്ച് വരെ 6.82 ശതമാനം കുതിപ്പുണ്ടായി. 46,12,937 സ്വദേശി-വിദേശി സഞ്ചാരികളെത്തി. 2018-ൽ ഈ കാലയളവിൽ 43,18,406 പേരാണ് എത്തിയത്.

തനതുമാർഗമാണ് ആകർഷകം

ലോകത്താകെ പരിസ്ഥിതി സൗഹൃദരീതികളാണ് ആകർഷകം. കേരളത്തിലിത് പ്രായോഗികമാക്കുന്നതിലൂടെ സഞ്ചാരികളെ കൂടുതൽ ആകർഷിക്കാം. നാട്ടിലുള്ളവർക്ക് വരുമാനവുമാകും. പരിസ്ഥിതിക്ക് ആഘാതമേല്പിക്കാതെ വളരാനുമാകും

-കെ. രൂപേഷ്‍കുമാർ (ഉത്തരവാദ ടൂറിസം മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ)