മാവേലിക്കര : ‘‘ഈ വരുന്ന ബുധനാഴ്ച എന്റെ കല്യാണമാണ്. രാവിലെ പത്തിനുള്ള ശുഭമുഹൂർത്തത്തിൽ മാവേലിക്കര വെട്ടിയാർ സെയ്ന്റ് തോമസ് പാരിഷ്ഹാളിലാണ് കല്യാണം. ജർമനിക്കാരനായ ഓട്ടോബോക്കിന്റെ മൂത്തമകൾ ‘3 ആർ 80’ ആണ് വധു...’’ -സാമൂഹിക മാധ്യമത്തിലെ നന്ദു മഹാദേവന്റെ കുറിപ്പ് വൈറലാവുകയാണ്.

അർബുദം ബാധിച്ച് കാൽ മുറിച്ചെങ്കിലും തളരാതെ പോരാടുന്ന നന്ദുവിന് ബുധനാഴ്ച കൃത്രിമക്കാൽ ലഭിക്കും. അതു സൂചിപ്പിക്കുന്നതിനാണ് വ്യത്യസ്തമായ ഈ കുറിപ്പ് നന്ദു സാമൂഹിക മാധ്യമത്തിൽ പോസ്റ്റുചെയ്തത്. അർബുദരോഗികൾക്ക് ആത്മധൈര്യം പകരുകയാണ് ലക്ഷ്യം.

‘‘ഞാൻ ഇരുകാലുകളിൽ നടക്കാൻ പോകുന്നെന്ന സന്തോഷവാർത്ത പ്രതീകാത്മകമായി കുറിക്കുകയായിരുന്നു. അർബുദം കവർന്ന കാലിന്റെ സ്ഥാനത്ത് കൃത്രിമക്കാലെത്തുകയാണ്. ക്രച്ചസിന്റെ സ്ഥാനത്തെത്തുന്ന കൃത്രിമക്കാൽ ഒരുതരത്തിൽ ‌എന്റെ വധുതന്നെയാണ്. മരണംവരെ എന്റെ ഒപ്പം നടക്കേണ്ടവൾ. ആ അർഥത്തിൽ ഇതൊരു വിവാഹം തന്നെയാണ്’’ -നന്ദു പറയുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ് ആറുമാസത്തിനകം കൃത്രിമക്കാൽവെക്കണമെന്ന് ഡോക്ടർമാർ പറഞ്ഞതാണ്. അതു കഴിഞ്ഞാൽ നടക്കാനുള്ള കഴിവ് തലച്ചോറിൽനിന്ന് നഷ്ടമാകും. നിർഭാഗ്യവശാൽ കാൻസർ സമ്മാനിച്ച സാമ്പത്തികപ്രശ്നങ്ങൾ കാരണം ആറുമാസത്തിനകം കാൽ വെക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ 15 മാസം കഴിഞ്ഞു. മാവേലിക്കരയിലുള്ള ലൈഫ് ആൻഡ്‌ ലിംബ് ട്രസ്റ്റാണ് സഹായഹസ്തവുമായെത്തിയത്.

തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് വാടകവീട്ടിലാണ് അച്ഛനുമമ്മയും രണ്ടു സഹോദരങ്ങൾക്കുമൊപ്പം നന്ദു താമസിക്കുന്നത്. കൃത്രിമക്കാൽ ഉപയോഗിക്കുന്നതിന് ജർമൻ കമ്പനിയായ ഓട്ടോബോക്കിന്റെ തിരുവനന്തപുരത്തെ കേന്ദ്രത്തിൽ നന്ദു രണ്ടാഴ്ചത്തെ പരിശീലനം നേടി. ഏഴുലക്ഷം രൂപയാണ് കൃത്രിമക്കാലിന്റെ വില. .

ലൈഫ് ആൻഡ്‌ ലിംബ് ചാരിറ്റബിൾ ട്രസ്റ്റ്

അമേരിക്കൻ മലയാളിയായ മാവേലിക്കര വെട്ടിയാർ നടയിൽ തെക്കതിൽ ജോൺസൺ ശാമുവേൽ ചെയർമാനായ ട്രസ്റ്റ്. കാലുനഷ്ടപ്പെട്ടവർക്ക് നാലുവർഷമായി കൃത്രിമക്കാൽ സൗജന്യമായി നൽകുന്നു. ഇരുനൂറോളം പേർക്ക് ആനുകൂല്യം ലഭിച്ചു. ബുധനാഴ്ച രാവിലെ പത്തിന് വെട്ടിയാർ സെയ്ന്റ്‌ തോമസ് മാർത്തോമാ പാരിഷ് ഹാളിലെ ചടങ്ങിൽ 48 പേർക്കായി 51 കൃത്രിമക്കാലുകൾ നൽകും. ഒരു കോടിയിലധികം രൂപയാണ് ഈ വർഷത്തെ പദ്ധതിക്ക് ചെലവ്.