തിരൂർ: ഉത്പന്നങ്ങൾക്ക് പ്രാദേശികവും പരമ്പരാഗതവുമായ പ്രത്യേകതകൾ അംഗീകരിച്ചുനൽകുന്ന ഭൗമ സൂചികാപദവി കേന്ദ്ര വാണിജ്യമന്ത്രാലയം തിരൂർ വെറ്റിലയ്ക്ക് നൽകിയതിന്റെ ആഹ്ലാദത്തിലാണ് തിരൂരിലെ വെറ്റിലക്കർഷകരും കച്ചവടക്കാരും തൊഴിലാളികളും.

കാർഷിക സർവകലാശാലയുടെ ബൗദ്ധികസ്വത്തവകാശസെല്ലാണ് ഈ പദവി തിരൂർ വെറ്റിലയ്ക്ക് ലഭിക്കാൻ മുൻകൈയെടുത്തത്. തിരൂർ നഗരസഭയുടെ മുൻ കൗൺസിലറും പ്രമുഖ കർഷകനും തിരൂർ വെറ്റില ഉത്പാദകസംഘം പ്രസിഡന്റുമായിരുന്ന അന്തരിച്ച മണ്ടായപ്പുറത്ത് മുഹമ്മദ് മൂപ്പനാണ് തിരൂർ വെറ്റിലയ്ക്ക് ഈ പദവി ലഭിക്കാൻ ഏറെ പ്രയത്നിച്ചത്.

ഭൗമസൂചികാപദവി തിരൂർ വെറ്റിലയ്ക്ക് ലഭിച്ചതോടെ ഈ വെറ്റില പ്രത്യേക ബ്രാൻഡായിട്ടാണ് അറിയപ്പെടുക. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ ഈ വെറ്റിലയ്ക്ക് വിലയുയരും.

പ്രത്യേകരുചിയുള്ളതും കാണാൻ ഭംഗിയുള്ളതും കനംകുറഞ്ഞതും ഔഷധഗുണമുള്ളതുമാണ് തിരൂർ വെറ്റില. ഇന്ത്യയിലും വിദേശത്തും നല്ല ഡിമാൻഡുണ്ടെങ്കിലും പ്രധാന കയറ്റുമതി കേന്ദ്രമായ പാകിസ്താനിലേക്കുള്ള വെറ്റില കയറ്റുമതി കഴിഞ്ഞ മൂന്നുവർഷമായി നിലച്ചിരിക്കുകയാണ്. ലാഹോർ, കറാച്ചി എന്നിവിടങ്ങളിലായിരുന്നു ഈ വെറ്റിലയ്ക്ക് കൂടുതൽ ആവശ്യക്കാർ.