കൊച്ചി: ഇക്കൊല്ലത്തെ മഴ ഇതാദ്യമായി കിട്ടേണ്ടതിനെക്കാൾ കൂടുതലായി. 1588.2 മില്ലീ മീറ്റർ മഴയാണ് സംസ്ഥാനത്ത് കിട്ടേണ്ടിയിരുന്നത്. ബുധനാഴ്ച രാവിലെയോടെ ഇത് 1593.7 മില്ലീമീറ്ററായി. 0.3 ശതമാനം കൂടുതൽ.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം മഴക്കുറവ് ഇപ്പോഴും ഇടുക്കിയിലാണ് കൂടുതൽ. 1975 മില്ലീമീറ്റർ ലഭിക്കേണ്ടിടത്ത് 1577 മില്ലീമീറ്റർ മാത്രം. 20 ശതമാനം കുറവ്. അടുത്ത ദിവസങ്ങളിൽ ഇത് നികത്തപ്പെട്ടേക്കാം. കൊല്ലം (8), ആലപ്പുഴ (4), പത്തനംതിട്ട (8), തൃശ്ശൂർ, വയനാട് (15)- ശതമാനം വീതമാണ് മഴ കുറവ്. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ ശരാശരിയെക്കാൾ കൂടുതൽ പെയ്തു. പാലക്കാട് 24-ഉം കോഴിക്കോട്ട് 21-ഉം ശതമാനമാണ് വർധന.
കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ കണക്കുപ്രകാരം ഒരാഴ്ചയ്ക്കിടെ കേരളത്തിൽ കൂടുതൽ മഴ പെയ്തത് വടകരയിലാണ്. ഓഗസ്റ്റ് അഞ്ചു മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ആറുദിവസം വടകരയിൽ 100 മില്ലിമീറ്ററിൽ കൂടുതൽ മഴപെയ്തു. കഴിഞ്ഞമാസം 19 മുതൽ 23 വരെ കാലവർഷം സജീവമായിരുന്നപ്പോഴും വടകരയിൽ തുടർച്ചയായി അഞ്ചുദിവസം 100 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തിരുന്നു. 1072.4 മില്ലിമീറ്റർ പെയ്ത വയനാട് ജില്ലയിലെ വൈത്തിരിയാണ് രണ്ടാമത്. ഒറ്റപ്പാലമാണ് മൂന്നാമത്..
കഴിഞ്ഞ പ്രളയകാലത്തെക്കാൾ കൂടുതൽ
* ഈവർഷം ഓഗസ്റ്റ് ഏഴുമുതൽ 11 വരെയുള്ള അഞ്ചുദിവസം കേരളത്തിൽ പെയ്തത് 476.7 മില്ലീമീറ്റർ. കഴിഞ്ഞവർഷത്തെ മഹാപ്രളയത്തിൽ ഏറ്റവും മഴപെയ്തത് ഓഗസ്റ്റ് 14-17 വരെയുള്ള നാലുദിവസമായിരുന്നു. അന്ന് 339.9 മില്ലീമീറ്റർ മഴയാണുണ്ടായത്. മഴ ഏറ്റവും രൂക്ഷമായ ദിവസങ്ങൾ മാത്രമെടുത്താൽ ഈവർഷമാണ് കൂടുതൽ പെയ്തതെന്ന് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസിലെ റിസർച്ച് ഫെലോ രാജീവൻ എരിക്കുളം പറഞ്ഞു.
കുറഞ്ഞദിവസം, കനത്തമഴ
ഈവർഷം ഓഗസ്റ്റിൽ മുഴുവനായി കിട്ടേണ്ടിയിരുന്നത് 419.5 മില്ലീമീറ്റർ മഴയാണ്. 13 ദിവസംകൊണ്ടുതന്നെ 598.6 മില്ലീമീറ്റർ ആയി. ഓഗസ്റ്റ് 13 വരെ 212 മില്ലീമീറ്റർ മഴയായിരുന്നു കിട്ടേണ്ടത്. 182 ശതമാനം വർധന. കുറഞ്ഞ ദിവസങ്ങളിലുണ്ടാകുന്ന ഇത്തരം കനത്ത മഴകളാണ് നാശം വിതയ്ക്കുന്നത്.
ഇത്തവണ പ്രളയം ഏറ്റവും ബാധിച്ച ജില്ലകളിലൊന്നായ വയനാട്ടിൽ അഞ്ചുദിവസം കൊണ്ട് 769.6 മില്ലീ മീറ്റർ പെയ്തു. ഓഗസ്റ്റ് എട്ടിന് രാവിലെ എട്ടര മുതൽ പിറ്റേന്ന് രാവിലെ എട്ടരവരെ 249.5 മില്ലീമീറ്ററും. 24 മണിക്കൂറിൽ ഇത്രയധികം മഴപെയ്യുന്നത് അസാധാരണമാണ്.
ഈവർഷത്തെ മഴക്കണക്ക് (മില്ലീ മീറ്ററിൽ):
മാസം ലഭിച്ച മഴ ലഭിക്കേണ്ടത് വ്യത്യാസം
ജൂൺ 358.5 649.8 44 ശതമാനം കുറവ്
ജൂലായ് 574.9 726.1 21 ശതമാനം കുറവ്
ഓഗസ്റ്റ് 13 വരെ 598.6 212 182 ശതമാനം കൂടുതൽ