കൊട്ടിയം : കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മരിച്ച മയ്യനാട് കാഞ്ഞാംകുഴി സ്വദേശിയായ വിദ്യാർഥിക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു.

കഴിഞ്ഞ എട്ടാംതീയതിമുതലാണ് കുട്ടിക്ക്‌ രോഗലക്ഷണങ്ങൾ പ്രകടമായത്. കടുത്ത പനിയും തൊണ്ടവേദനയും ശ്വാസതടസ്സവുമായി മയ്യനാട് ഗവ. ആശുപത്രിയിൽ ചികിത്സതേടിയ കുട്ടിയെ പരിശോധനകൾക്കുശേഷം ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. രോഗം മൂർച്ഛിച്ചതോടെ അവിടെനിന്ന്‌ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും തുടർന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. അവിടെ ചികിത്സയിലിരിക്കെയായിരുന്നു മരണം. കുട്ടി പ്രതിരോധ കുത്തിവയ്പുകൾ എടുത്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം.

പ്രതിരോധ കുത്തിവയ്പിലൂടെ നിർമാർജനം ചെയ്ത ഡിഫ്തീരിയ ഒരുമാസത്തിനുള്ളിൽ രണ്ടാംതവണയാണ് ജില്ലയിൽ സ്ഥിരീകരിച്ചത്. ഏതാനും ദിവസങ്ങൾക്കുമുൻപ് ഓച്ചിറ ഞക്കനാലിലെ ദാറുൾ ഉലൂം അൽ ഇസ്‌ലാമിക് അറബിക് കോളേജിലെ അന്തേവാസിക്ക് ഡിഫ്‌തീരിയ സ്ഥിരീകരിച്ചിരുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*ഡിഫ്തീരിയയ്ക്കു കാരണമായ രോഗാണു തൊണ്ടയിലുള്ള ശ്ലേഷ്മചർമത്തിലാണ് പെരുകുന്നത്.

*രോഗബാധിതർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തെറിക്കുന്ന ചെറുകണികകളിലൂടെയും രോഗിയുടെ സ്രവങ്ങൾ പറ്റുന്ന സാധനങ്ങളിൽക്കൂടിയും രോഗം പകരും.

* രോഗം ഹൃദയത്തെയോ തലച്ചോറിനെയോ ബാധിച്ച് ശ്വാസതടസ്സം, തളർച്ച എന്നിവ കാരണമാണ് മരണം സംഭവിക്കുക.

*രോഗലക്ഷണങ്ങൾ ഡിഫ്തീരിയയുടേതെന്നു സംശയിക്കുമ്പോൾത്തന്നെ ചികിത്സ ആരംഭിക്കണം. ആന്റി സിറം കുത്തിവയ്പാണ് പ്രധാന ചികിത്സ. ബാക്ടീരിയയെ നശിപ്പിക്കുന്ന ആന്റിബയോട്ടിക്കുകൾ നൽകണം.