കൊച്ചി: ശമ്പളക്കുടിശ്ശികയായ 5.37 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്കു മാറിയിട്ടത് തിരിച്ചു ലഭിക്കണമെന്നാവശ്യപ്പെട്ട് ഗസ്റ്റ് അധ്യാപിക കോടതിയെ സമീപിച്ചു. തുക നൽകാൻ ഹയർസെക്കൻഡറി വിദ്യാഭ്യാസ റീജണൽ ഡയറക്ടറോടും സ്കൂളധികൃതരോടും ട്രഷറി ഉദ്യോഗസ്ഥരോടും നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് കണ്ണൂർ പയ്യന്നൂരിലെ കെ.എ. ഗ്രീഷ്മ ഹൈക്കോടതിയിലെത്തിയത്. കോടതി എതിർകക്ഷികളുടെ വിശദീകരണം തേടിയിട്ടുണ്ട്.
ഹയർസെക്കൻഡറി വിദ്യാഭ്യാസ റീജണൽ ഡെപ്യൂട്ടി ഡയറക്ടർ, തായിനേരി എസ്.എ.ബി.ടി.എം. ഹയർസെക്കൻഡറി സ്കൂൾ മാനേജർ, പ്രഥമാധ്യാപകൻ, പയ്യന്നൂരിലെ സബ് ട്രഷറിയിലെ ട്രഷറി ഓഫീസർ, ഫെഡറൽ ബാങ്ക് മാനേജർ, പയ്യന്നൂർ സർക്കിൾ ഇൻസ്പെക്ടർ എന്നിവർക്കെതിരേയാണ് ഹർജി.
ട്രഷറിവഴി തുക ഫെഡറൽ ബാങ്കിൽ മറ്റൊരാളുടെ അക്കൗണ്ടിലേക്കാണ് പോയത്. അതിൽ 4.22 ലക്ഷംരൂപ ഉടൻതന്നെ ആ വ്യക്തി പിൻവലിച്ചു. ഹയർസെക്കൻഡറി സ്കൂൾ, ട്രഷറി, ബാങ്ക് അധികൃതർ എന്നിവർക്ക് 2019 ഏപ്രിൽ 12-ന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പരാതിയിൽ പയ്യന്നൂർ പോലീസ് കേസെടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്.
2015 മുതൽ 2018 വരെയാണ് ഗ്രീഷ്മ സ്കൂളിൽ ഗസ്റ്റ് അധ്യാപികയായി ജോലിചെയ്തത്. 2018-ൽ ജോലി രാജിവെച്ചു. ശമ്പളക്കുടിശ്ശികയ്ക്ക് അപേക്ഷയും നൽകി. ‘സ്പാർക്ക്’ സോഫ്റ്റ്വേറിലാണ് ശമ്പളബിൽ തയ്യാറാക്കിയത്. ബിൽപ്രകാരം ട്രഷറിയിൽനിന്ന് കൈമാറിയ തുക പിൻവലിക്കാൻ ബാങ്കിൽച്ചെന്നപ്പോഴാണ് അതു മറ്റൊരാളുടെ അക്കൗണ്ടിലാണ് പോയതെന്ന് മനസ്സിലായത്. പണം ട്രഷറിയിൽനിന്ന് ബാങ്കിലെത്തിയ ദിവസംമുതൽ 12 ശതമാനം പലിശ സഹിതം തുക നൽകണമെന്നാണ് ഹർജിയിലെ ആവശ്യം.