കണ്ണൂർ: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിച്ച മുഴുവൻ എസ്.എഫ്.െഎ. നേതാക്കളുടെയും സർട്ടിഫിക്കറ്റുകൾ സി.ബി.െഎ.യെക്കൊണ്ട് പരിശോധിപ്പിക്കണമെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ.കൃഷ്ണദാസ്. കോളേജ് കേന്ദ്രമായി പരീക്ഷാതട്ടിപ്പും പി.എസ്.സി. തട്ടിപ്പും ആൾമാറാട്ടവുമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നേതാക്കൾ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റുന്നത് അവിഹിതമാർഗങ്ങളിലൂടെയാണ്. കേസിലുൾപ്പെട്ട ശിവരഞ്ജിത്തിന് പോലീസ് പരീക്ഷയിൽ റാങ്ക് ലഭിച്ചതിനുപിറകിൽ ആർച്ചറിയിലെ മികവാണെന്നാണ് പറയുന്നത്. ഇതെല്ലാം സി.ബി.െഎ. അന്വേഷിക്കണം. ഇൗ വിഷയവുമായി ബന്ധപ്പെട്ട് 26-ന് സംസ്ഥാനത്തുടനീളം എൻ.ഡി.എ. നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തും -അദ്ദേഹം പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിലേത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഇപ്പോൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് അധോലോകത്തിന്റെ ഒരു ചെറിയ ചിത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി. സംസ്ഥാന സെൽ കോ-ഓർഡിനേറ്റർ കെ. രഞ്ജിത്, ജില്ലാ പ്രസിഡന്റ് പി. സത്യപ്രകാശ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ബ്രണ്ണൻ കോളേജ് അധഃപതിപ്പിക്കാൻ ശ്രമം
തലശ്ശേരി ബ്രണ്ണൻ കോളേജ് അധഃപതിപ്പിക്കാനാണ് ശ്രമം. ഇവിടെ എസ്.എഫ്.െഎ.യുടെ ഗുണ്ടായിസം പ്രിൻസിപ്പൽ ഏറ്റെടുത്തിരിക്കുകയാണ്. എസ്.എഫ്.െഎ.യുടെ കൊടിതോരണങ്ങളും കൊടിമരവും നിലനിർത്തിയാണ് പ്രിൻസിപ്പൽ എ.ബി.വി.പി.യുടെ കൊടിമരം പിഴുതുമാറ്റിയത്. ഇതിനെതിരേ ശക്തമായ പ്രക്ഷോഭം നടത്തുമെന്നും കൃഷ്ണദാസ് പറഞ്ഞു.