1967-ൽ ഇ.എം.എസ്. മന്ത്രിസഭയിലെ ശക്തമായ പ്രതിപക്ഷസാന്നിധ്യമായിരുന്നു മാണിസാർ. നിയമസഭാസാമാജികനെന്ന നിലയിൽ അദ്ദേഹം മിന്നിത്തിളങ്ങി. 1970-ൽ കേരള കോൺഗ്രസ് ഒറ്റയ്ക്കാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. കോൺഗ്രസിന്റെ കൂടെയുമല്ല സി.പി.എമ്മിന്റെ കൂടെയുമല്ല. അത്തവണയാണ് ഞാൻ ആദ്യമായി നിയമസഭയിലെത്തുന്നത്. അന്നാണ് അദ്ദേഹത്തെ പരിചയപ്പെടുന്നതും.

അന്ന് ഞങ്ങൾ 13 എം.എൽ.എ.മാരുമായി നടത്തിയ പോരാട്ടം ശ്രദ്ധേയമാണ്. അന്ന് അച്യുതമേനോൻ സർക്കാരാണ്. ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള സി.പി.എമ്മുമായി പലകാര്യങ്ങളിലും യോജിച്ചുപ്രവർത്തിച്ചു. പ്രത്യേകിച്ച് കാർഷികമേഖലയിൽ. കാർഷികമേഖലയിലെ സംഘർഷങ്ങൾ ഒഴിവാക്കാനുള്ള താത്പര്യം കേരള കോൺഗ്രസിനെ സി.പി.എമ്മുമായി അടുപ്പിച്ചു. ഒന്നിച്ചുമത്സരിക്കാനുള്ള നീക്കമൊക്കെ നടന്നു.

എന്നാൽ, 1971-ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന് മൂന്നുസീറ്റുകൾ നൽകി കോൺഗ്രസ് പുതിയൊരു ബന്ധം സ്ഥാപിച്ചു. ആർ. ബാലകൃഷ്ണപിള്ളയും വർക്കി ജോർജും എം.എൻ. ജോസഫും എം.പി.മാരായി. പക്ഷേ, തുടർന്നും പല വിഷയങ്ങളിലും കോൺഗ്രസുമായി ഏറ്റുമുട്ടേണ്ടിവന്നു. പ്രത്യകിച്ച്, കാർഷികമേഖലയിലെ പ്രശ്നങ്ങൾക്ക്. കാർഷികമേഖലയുടെ ശബ്ദമായി കേരള കോൺഗ്രസ് അപ്പോഴേക്കും മാറിയിരുന്നു. അതിന്റെ മുൻനിരയിൽ കെ.എം. മാണി ആയിരുന്നു.

1975-ൽ കേരള കോൺഗ്രസിനെയും കോൺഗ്രസിനെയും യോജിപ്പിക്കണമെന്ന ആശയമുണ്ടായി. ചർച്ചകൾ നടന്നു. അന്നത്തെ അച്യുതമേനോൻ മന്ത്രിസഭയിൽ കേരള കോൺഗ്രസ് പ്രവേശിപ്പിച്ചു. കെ.എം. മാണി ധനമന്ത്രിയായി. 1977-ലെ തിരഞ്ഞെടുപ്പിനുമുമ്പ് കേരള കോൺഗ്രസിൽ ഭിന്നിപ്പുണ്ടായി. ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഒരുകൂട്ടർ വിഘടിച്ചുപോയി. ആ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് മത്സരിച്ച 22 സീറ്റിൽ ഇരുപതിലും ജയിച്ചു. രണ്ടാമത്തെ കക്ഷിയായി. അങ്ങനെ മാണിസാർ ആഭ്യന്തരമന്ത്രിയായി. തിരഞ്ഞെടുപ്പ് കേസിനെത്തുടർന്ന് മാണിസാർ രാജിവെച്ചു. അന്ന് ഞാൻ എട്ടുമാസം ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്തു. മാണിസാറിന് അനുകൂലമായി വിധിവന്നപ്പോൾ ഞാൻ രാജിവെച്ചു. അദ്ദേഹം വീണ്ടും ആഭ്യന്തരമന്ത്രിയായി. പിന്നെയും പലകാര്യങ്ങളിൽ കേരള കോൺഗ്രസിൽ ഭിന്നിപ്പുണ്ടായി.

ഇണങ്ങിയും പിണങ്ങിയും പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഞങ്ങളുടെ വ്യക്തിബന്ധത്തിന് ഒരു കോട്ടവും സംഭവിച്ചില്ല. ചൊവ്വാഴ്ച രാവിലെ ഞാൻ മാണിസാറിനെ ആശുപത്രിയിൽപോയി കണ്ടിരുന്നു. മാണിസാറേയെന്ന് ഞാൻ വിളിച്ചപ്പോൾ എന്നെ മനസ്സിലാക്കി അദ്ദേഹം പ്രതികരിച്ചിരുന്നു.