തൃശ്ശൂർ: മഴയിലും ഉരുൾപൊട്ടലിലും ജില്ലയിൽ സോയിൽ പൈപ്പിങ്‌ എന്ന അപൂർവ ഭൗമപ്രതിഭാസമുണ്ടായതായി കണ്ടെത്തൽ. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ലാൻഡ് സ്ലൈഡ് പ്രോജക്ട് ഇൻവെസ്റ്റിഗേറ്റർ ഡോ. എസ്. ശ്രീകുമാർ, മണ്ണുത്തി ഫോറസ്ട്രി കോളേജ് ഡീൻ ഡോ. കെ. വിദ്യാസാഗരൻ എന്നിവരടങ്ങിയ വിദഗ്ധസമിതിയുടേതാണ് കണ്ടെത്തൽ. ശാസ്ത്രസാഹിത്യപരിഷത്ത് കൊടകര മേഖലയുടെ ആഭിമുഖ്യത്തിലാണ് പഠനം നടന്നത്.

ഭൗമാന്തർഭാഗത്ത് ടണലുകൾ രൂപപ്പെടുന്ന പ്രതിഭാസമാണ് ’സോയിൽ പൈപ്പിങ്’. നദിയൊഴുകുംപോലെ നിരവധി കൈവഴികളായി ചെറുതുരങ്കങ്ങൾ രൂപപ്പെടുകയും അതിലൂടെ ദൃഢത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ ഒരു പ്രദേശം മുഴുവൻ ദുർബലമാവുകയും മലയിടിച്ചിലിന് കാരണമാവുകയും ചെയ്യും.

2008, 2013 വർഷങ്ങളിലായി ഇടുക്കി, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ ഈ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ട്. നാഷണൽ സെൻറർ ഫോർ എർത്ത് സയൻസ് ആണ് അവിടങ്ങളിൽ പഠനം നടത്തിയത്.

വരന്തരപ്പിള്ളി പഞ്ചായത്തിലെ പുലിക്കണ്ണി, ചിമ്മിനി ഡാമിനടുത്തുള്ള എച്ചിപ്പാറ, പീച്ചിക്കടുത്തുള്ള പുത്തൻകാട്, വെട്ടുകാട്, എട്ടാംകല്ല് എന്നീ സ്ഥലങ്ങളിലാണ് സംഘം പ്രാഥമികപഠനം നടത്തിയത്.

ഇതിൽ എട്ടാംകല്ല്, പുത്തൻകാട് ഭാഗത്താണ് ഈ പ്രതിഭാസം കണ്ടെത്തിയത്. ഇവിടെ 60 സെന്റിമീറ്റർ വ്യാസമുള്ള ടണൽ ആണ് കണ്ടെത്തിയതെന്ന് ഡോ. എസ്. ശ്രീകുമാർ പറഞ്ഞു. സാധാരണ, പുറമേക്ക് ഇത് ദൃശ്യമാവാറില്ല. എന്നാൽ, ഇവിടെ ടണലിന്റെ ദ്വാരം തുറക്കുന്നതിന് മുന്നിലായി രണ്ടുമീറ്റർ കനത്തിൽ പശിമയുള്ള കളിമണ്ണിന്റെ ശേഖരം കണ്ടെത്തി.

തൃശ്ശൂർ-മരോട്ടിച്ചാൽ റോഡ് ഈ പ്രതിഭാസം കണ്ടെത്തിയ താഴ്‌വാരത്തിന് മുകളിലാണ്. റോഡ് ഇവിടെ ഇടിഞ്ഞിട്ടുണ്ട്. ഇവിടെ മലഞ്ചെരുവിലും റോഡിലും ഉപരിതലത്തിൽ ഏതാണ്ട് അമ്പത് സെന്റിമീറ്റർ വീതിയിൽ വിള്ളലുകൾ കണ്ടെത്തി.

നല്ലവെയിലേറ്റ് മണ്ണ് ഉണങ്ങാതെ പ്രവർത്തനമൊന്നും ഇവിടെ പാടില്ല. ഇനിയും മഴപെയ്താൽ അതീവജാഗ്രത പുലർത്തേണ്ട പ്രദേശമാണിതെന്നും അദ്ദേഹം പറഞ്ഞു.

പുലിക്കണ്ണിയിൽ 62 ഡിഗ്രി ചെരിവുള്ള റബ്ബർതോട്ടത്തിലെ കോണ്ടൂർ കയ്യാലയുടെ സമാന്തരമായാണ് മലയിടിച്ചിലിന്റെ തുടക്കമെന്ന് സംഘം കണ്ടെത്തി. അസാധാരണമായ മഴകാരണം വെള്ളമിറങ്ങി ദൃഢതയില്ലാത്ത മണ്ണിൽ ജലമർദം വർധിച്ചു. മേൽമണ്ണിന്റെയും ദ്രവിച്ച പാറയുടെയും പ്രതലത്തിലൂടെ തെന്നിമാറിയാണ് ഇവിടെ മലയിടിച്ചിൽ ഉണ്ടായത്.

എച്ചിപ്പാറയിൽ ഉരുൾപൊട്ടലിന്റെ തുടക്കം 2016-ൽ കാട്ടുതീയുണ്ടായ തേക്കിൻതോട്ടത്തിലാണ്. മേൽമണ്ണിനും താഴെയുള്ള ശിലകളെയും ബന്ധിപ്പിച്ചിരുന്ന ആഴത്തിൽ വേരോട്ടമുണ്ടായിരുന്ന വനവൃക്ഷങ്ങൾ കത്തിക്കരിഞ്ഞതാണ് പ്രധാന കാരണം. ശക്തമായ മഴവെള്ളപ്പാച്ചിലിൽ വൻമരക്കുറ്റികൾ കടപുഴകി താഴേക്കു പതിച്ചു.

എട്ടാംകല്ല് മേഖലയിൽ ഇറിഗേഷൻ കനാൽ തകർന്നാണ് അഞ്ചിടത്ത് മലയിടിച്ചിലുണ്ടായത്. വീടുകൾക്ക് മുകളിലുള്ള കനാലിൽ ജലം അധികമായി എത്തിയതാണ് പ്രശ്‌നം. കനാലിന്റെ മുകൾഭാഗത്തുള്ള വനമേഖല മാഞ്ചിയംതോട്ടങ്ങളായി മാറിയതും അടിക്കാടിന്റെ ശോഷണവും മലയിടിച്ചിലിന് ആക്കംകൂട്ടിയെന്ന് ഡോ. കെ. വിദ്യാസാഗരൻ പറഞ്ഞു.

ശാസ്ത്രസാഹിത്യപരിഷത്ത് ഭാരവാഹികളായ കെ.കെ. അനീഷ്‌കുമാർ, എ.ടി. ജോസ്, കെ.കെ. അബ്ദുൾഗഫൂർ, ടി.എൻ. മുകുന്ദൻ, മനോജ് കരിങ്ങാമഠത്തിൽ, സോമൻ കാര്യാട് എന്നിവർ സംഘത്തിന് സഹായമേകി ഒപ്പമുണ്ടായിരുന്നു.