കാസർകോട്: തിരുവനന്തപുരം-മംഗളൂരു മലബാർ എക്സ്പ്രസി(16629)ന്റെ ബോഗിക്കടിയിൽനിന്ന് തീയും പുകയും ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. വണ്ടി കാസർകോട് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് തീ കണ്ടത്. എസ്-രണ്ട് കോച്ചിനടിയിലെ ബോൾട്ടറിങ് സ്‌പ്രിങ്ങിലായിരുന്നു തീപ്പിടിത്തം. ഇതേത്തുടർന്ന് വണ്ടി അരമണിക്കൂറോളം നിർത്തിയിട്ടു. തീയണച്ചശേഷമാണ് വണ്ടി മംഗളൂരുവിലേക്കു പുറപ്പെട്ടത്.

ഞായറാഴ്ച രാവിലെ 9.20-നാണ് വണ്ടി കാസർകോട് സ്‌റ്റേഷനിൽ എത്തിയത്. പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് അസിസ്റ്റന്റ്(സ്വീപ്പർ കം പോർട്ടർ-എസ്.സി.പി.) കെ.ടി.സരിതയാണ് തീ ആദ്യം കണ്ടത്. ഉടൻ സ്റ്റേഷൻ അധികൃതരെയും ലോക്കോ പൈലറ്റിനെയും വിവരമറിയിച്ചു. റെയിൽവേ സംരക്ഷണസേനയും പോലീസും എത്തി. വെള്ളം ബോൾട്ടറിങ് സ്‌പ്രിങ്ങിൽ ഒഴിച്ചാണ് തീ കെടുത്തിയത്. തുടർന്ന് 9.47-ന് വണ്ടി പുറപ്പെട്ടു.