തൃശ്ശൂർ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻ എം.എൽ.എ.യുമായ എ.എം. പരമൻ (92) അന്തരിച്ചു. പൂങ്കുന്നം, കുട്ടൻകുളങ്ങരയിലെ വീട്ടിൽ തിങ്കളാഴ്ച പുലർച്ചെയായിരുന്നു മരണം. മൃതദേഹം സി.പി.ഐ. ഓഫീസിൽ പൊതുദർശനത്തിനു വെച്ചശേഷം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്‌കരിച്ചു.

ഐനിവളപ്പിൽ മാധവന്റെയും ചിറ്റത്തുപറമ്പിൽ ലക്ഷ്‌മിയുടെയും മകനായി 1926-ലാണ് ജനനം. ഭാര്യ: മാധവി. മക്കൾ: സുരേഷ് (കൊച്ചിൻ ദേവസ്വം ബോർഡ്), സുനിത (അയ്യന്തോൾ സഹകരണബാങ്ക്), സരിത (സാന്ദീപനി സ്‌കൂൾ അധ്യാപിക). മരുമക്കൾ: നിഷ, അശോകൻ, വിനോദ്.

സ്വാതന്ത്ര്യസമരസേനാനിയായ എ.എം. പരമൻ ജില്ലയിലെ ആദ്യകാല തൊഴിലാളിനേതാക്കളിൽ പ്രമുഖനാണ്. പതിനാലാംവയസ്സിൽ, തൃശ്ശൂർ സീതാറാം മില്ലിലെ തൊഴിലാളി ആയിരിക്കെ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് പൊതുരംഗത്തേക്കു വന്നത്. പ്രസംഗത്തിൽ രാജ്യദ്രോഹമുണ്ടെന്നാരോപിച്ച് സ്വാതന്ത്ര്യം കിട്ടുന്നതിന് നാലുവർഷംമുമ്പ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. പിന്നെയും പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു.

സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.ടി.യു.സി. സംസ്ഥാന ജോയിന്റ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം സംഘടനയുടെ ജില്ലാ പ്രസിഡൻറും സെക്രട്ടറിയും ആയിരുന്നു.

തൃശ്ശൂർ മുനിസിപ്പൽ കൗൺസിലറായി കാൽനൂറ്റാണ്ട് പ്രവർത്തിച്ചു. 1987-ൽ ഒല്ലൂരിൽനിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ജില്ലയിലെ ഒട്ടേറെ തൊഴിലാളി യൂണിയനുകളുടെ സംഘാടകനും ഭാരവാഹിയുമായിരുന്നു.