: റെയില്‍വേയുടെ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളെടുക്കാനുള്ള പുതിയ യു.ടി.എസ്. ആപ്പ് സേവനം ശനിയാഴ്ചമുതല്‍ ലഭ്യമാകും. ആപ്പുണ്ടെന്ന് കരുതി ട്രെയിനില്‍ കയറിയശേഷം ടിക്കറ്റെടുക്കാനാവില്ല. ഈ സംവിധാനത്തില്‍ പ്ലാറ്റ്‌ഫോമിലും ട്രെയിനിനകത്തുംനിന്ന് ടിക്കറ്റെടുക്കാന്‍ കഴിയില്ല.

സ്റ്റേഷനുകളും റെയില്‍പ്പാളങ്ങളും ജി.പി.എസിന്റെ അദൃശ്യവേലി (ജിയോ ഫെന്‍സിങ്)കൊണ്ട് സുരക്ഷിതമാക്കിയാണ് ആപ്പ് പുറത്തിറക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റേഷന്റെ 25 മീറ്റര്‍ ചുറ്റളവില്‍ മൊബൈലില്‍ ടിക്കറ്റ് കിട്ടില്ല. ടിക്കറ്റെടുക്കാതെ പ്ലാറ്റ്‌ഫോമില്‍ കയറാതിരിക്കാനും ട്രെയിനില്‍ കയറിയശേഷം പരിശോധകന്‍ ഉണ്ടെങ്കില്‍ ടിക്കറ്റെടുക്കുന്നത് തടയാനുമാണ് ഈ സംവിധാനം.

രാജ്യത്താദ്യമായി പൂര്‍ണമായും ഈ സംവിധാനത്തിലേക്കുയരുന്ന ആദ്യ സോണ്‍ എന്ന ബഹുമതി ദക്ഷിണറെയില്‍വേയ്ക്കാണ്. നിലവില്‍ ചെന്നെ, മുംബൈ, ഡല്‍ഹി തുടങ്ങിയ വന്‍കിടനഗരങ്ങളില്‍ മാത്രമാണ് ഈ സേവനം ലഭ്യമായിരുന്നത്.

ആപ്പിന്റെ സവിശേഷതകള്‍

അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്. ഓണ്‍ മൊബൈല്‍) എന്നാണ് ആപ്പിന്റെ പേര്. ശനിയാഴ്ച പുറത്തിറക്കിയശേഷം ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍, മൈക്രോസോഫ്റ്റ് സ്റ്റോര്‍ എന്നിവയില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് മൊബൈല്‍നമ്പര്‍ യൂസര്‍ ഐ.ഡി.യായി പ്രൊഫൈല്‍ ഉണ്ടാക്കണം.

ടിക്കറ്റ് സ്റ്റേഷന്റെ അഞ്ചുകിലോമീറ്റര്‍ പരിധിയില്‍നിന്നുമാത്രം. ഉദാഹരണത്തിന് തിരുവനന്തപുരത്തുനിന്നുള്ള ടിക്കറ്റ് വര്‍ക്കലയില്‍നിന്ന് എടുക്കാനാകില്ല.

ഒരുതവണ നാലുപേര്‍ക്കുള്ള ടിക്കറ്റുവരെ ബുക്ക് ചെയ്യാം. പ്ലാറ്റ്‌ഫോം ടിക്കറ്റും ലഭിക്കും.

സ്ഥിരംയാത്രചെയ്യുന്ന സ്റ്റേഷനുകള്‍ മുന്‍കൂട്ടി നല്‍കി ടിക്കറ്റ് വേഗം ബുക്ക്‌ചെയ്യാവുന്ന 'ക്വിക്ക് ബുക്കിങ്' സംവിധാനവുമുണ്ട്.

പരിശോധകന്‍ വരുമ്പോള്‍ 'ഷോ ടിക്കറ്റ്' എന്ന് ഓപ്ഷനില്‍നിന്ന് ടിക്കറ്റ് കാണിക്കാം.

സ്‌കീന്‍ ഷോട്ട് സംവിധാനമുണ്ടാകില്ല. അതുകൊണ്ടുതന്നെ മറ്റൊരു മൊബൈലില്‍നിന്നുള്ള ടിക്കറ്റ് ഹാജരാക്കാനാകില്ല.

സംശയമുള്ള ടിക്കറ്റുകള്‍ പരിശോധിക്കാന്‍ ക്യു.ആര്‍. കോഡ് സംവിധാനമുണ്ടാകും

പണമിടാന്‍ ആര്‍-വാലറ്റ്

റെയില്‍വേയുടെ ഇ-പേമെന്റ് സംവിധാനമായ ആര്‍ വാലറ്റിലൂടെ സര്‍വീസ് ചാര്‍ജ് നല്‍കാതെ ടിക്കറ്റെടുക്കാം. നെറ്റ്ബാങ്കിങ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ ഉപയോഗിച്ചും സ്റ്റേഷനുകളിലെ ബുക്കിങ് കൗണ്ടര്‍ വഴിയും ഇതലേക്ക് പണം നിറയ്ക്കാം. ഈ തുകയ്ക്ക് കാലാവധി ഇല്ല.


സീസണ്‍ ടിക്കറ്റിനും സൗകര്യം

പുതിയ സീസണ്‍ ടിക്കറ്റ് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ആപ്പില്‍ സൗകര്യമുണ്ടാകും. ഒരാളുടെ ഐ.ഡി.വെച്ച് മറ്റൊരാള്‍ക്ക് സീസണ്‍ ടിക്കറ്റ് എടുക്കാനാവില്ല.