* തട്ടിപ്പ് ഉയര്‍ന്ന വില വാഗ്ദാനംചെയ്ത്

* പണം നഷ്ടപ്പെട്ടത് അമ്പതോളം കര്‍ഷകര്‍ക്ക്
വടക്കഞ്ചേരി:
പാലക്കുഴിയില്‍ രണ്ടുവര്‍ഷത്തിനിടെ കര്‍ഷകരില്‍നിന്ന് കുരുമുളക് വാങ്ങി കച്ചവടക്കാര്‍ തട്ടിയെടുത്തത് ഒന്നരക്കോടി രൂപ. പണം പിന്നീട് തരാമെന്നുപറഞ്ഞ് കുരുമുളക് വാങ്ങിയായിരുന്നു തട്ടിപ്പ്. പണം ലഭിക്കാതായതോടെ കര്‍ഷകര്‍ പരാതിയുമായി രംഗത്തെത്തി. അമ്പതോളം കര്‍ഷകര്‍ക്കാണ് പണം നഷ്ടമായത്.

സംഭവത്തില്‍ കച്ചവടക്കാരായ മാര്‍ട്ടിന്‍, ജയിംസ് എന്നിവരുടെ പേരില്‍ വടക്കഞ്ചേരി പോലീസ് കേസെടുത്തു. മാര്‍ട്ടിന്റെ കടയില്‍ കുരുമുളക് നില്‍കാനെത്തുന്നവര്‍ക്ക് കമ്പോളവിലയേക്കാള്‍ ഉയര്‍ന്ന തുക വാഗ്ദാനം ചെയ്യും. പണം പിന്നീട് ലഭിച്ചാല്‍ മതിയെന്ന വ്യവസ്ഥയിലാണിത്. ഭൂരിഭാഗം കര്‍ഷകരും ഇത് സമ്മതിച്ചു. പത്തു വര്‍ഷമായി മാര്‍ട്ടിന്‍ പാലക്കുഴിയില്‍ ഉള്ളതിനാല്‍ കര്‍ഷകരെ എളുപ്പത്തില്‍ വിശ്വാസത്തിലെടുക്കാനും കഴിഞ്ഞു. ഇയാള്‍ ഇടയ്ക്കിടയ്ക്ക് കുറച്ച് കര്‍ഷകര്‍ക്ക് പണം നല്‍കിയിരുന്നു.

മാര്‍ട്ടിന്‍ കുരുമുളക് മൊത്തമായി ജയിംസിന് നല്‍കുകയായിരുന്നു പതിവ്. ജയിംസ് പണം നല്‍കാത്തതിനാലാണ് കര്‍ഷകര്‍ക്ക് കൊടുക്കാന്‍ സാധിക്കാതിരുന്നതെന്ന് മാര്‍ട്ടിന്‍ പോലീസിനു മൊഴിനല്‍കി. കുരുമുളക് എത്തിക്കുമ്പോള്‍തന്നെ മാര്‍ട്ടിന് പണം നല്‍കിയിരുന്നെന്ന് ജയിംസും പറയുന്നു.

മാര്‍ട്ടിനും ജയിംസും ഒന്നിച്ചാസൂത്രണംചെയ്ത് പണം തട്ടുകയായിരുന്നെന്നാണ് കര്‍ഷകരുടെ ആരോപണം. ഉയര്‍ന്ന പലിശ വാഗ്ദാനംചെയ്ത് കര്‍ഷകരില്‍നിന്ന് പണം തിരികെ വാങ്ങിയതായും ഇവര്‍ പറയുന്നു. ഇത്തരത്തില്‍ ഒരു കര്‍ഷകന് 15 ലക്ഷം രൂപ നഷ്ടമായി.

കല്യാണാവശ്യത്തിനായി ഒന്നരലക്ഷം രൂപയുടെ കുരുമുളക് വിറ്റ കര്‍ഷകനും പണം നഷ്ടമായി. ഒരു മാസത്തെ അവധിപറഞ്ഞായിരുന്നു ഇടപാടെങ്കിലും പറഞ്ഞ സമയത്തിന് പണം നല്‍കിയില്ല. പ്രതികളെ പിടികൂടി പണം ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കേസെടുത്തെങ്കിലും കേസില്‍ തുടര്‍നടപടികളുണ്ടായിട്ടില്ല.