പദ്ധതിയില്‍ പാകപ്പിഴകളും
കൊല്ലം:
ആഴക്കടല്‍ മീന്‍പിടിത്തത്തിന് മത്സ്യത്തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനുള്ള പരിശീലനപദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ആദ്യം നല്‍കിയ പദ്ധതി കേന്ദ്രം അംഗീകരിക്കാത്തതിനാല്‍ പുതിയ പദ്ധതി തയ്യാറാക്കും. കേന്ദ്രം മാനദണ്ഡങ്ങള്‍ മാറ്റിയതുമൂലമാണ് ആദ്യപദ്ധതിക്ക് അംഗീകാരം കിട്ടാതെപോയതെന്ന് അവര്‍ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഉപയോഗിക്കാവുന്നവിധം പരമ്പരാഗത യാനങ്ങളെ മാറ്റിയെടുക്കുന്നതിനും തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുന്നതിനുമാണ് ഫിഷറീസ് വകുപ്പ് പദ്ധതി തയ്യാറാക്കിയത്. ജൂലായ് 20-ന് മത്സ്യസംഘങ്ങളില്‍നിന്ന് അപേക്ഷയും ക്ഷണിച്ചിരുന്നു. ഒരു ഗുണഭോക്താവിന് ഒരുലക്ഷം രൂപ ചെലവുവരുന്നതാണ് പദ്ധതി. ഇതില്‍ 75 ശതമാനം സര്‍ക്കാര്‍ വിഹിതവും ബാക്കി ഗുണഭോക്താവിന്റെ വിഹിതവുമായാണ് നിശ്ചയിച്ചിരുന്നത്.

എന്നാല്‍ ആഴക്കടല്‍ മീന്‍പിടിത്തത്തിന് പരമ്പരാഗത മത്സ്യബന്ധനയാനങ്ങള്‍ ഒരുതരത്തിലും ഉപയോഗിക്കാനാവില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. 200 നോട്ടിക്കല്‍ മൈല്‍ വരെയുള്ള മേഖലയില്‍ പ്രത്യേക സജ്ജീകരണങ്ങളുള്ള ട്രോളറുകളാണ് വിദേശരാജ്യങ്ങള്‍ ഉപയോഗിക്കുന്നത്. ഇതിന്റെ നിര്‍മാണത്തിന് മൂന്നുമുതല്‍ അഞ്ചുവരെ കോടി രൂപ വേണ്ടിവരും.

ദിവസങ്ങളോളം മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള ശീതീകരണസംവിധാനം, നാവിഗേഷന്‍ സംവിധാനം, സമീപത്തെ ബോട്ടുകളുമായും കപ്പലുകളുമായുമുള്ള ആശയവിനിമയ സംവിധാനം, മത്സ്യക്കൂട്ടത്തെ തിരിച്ചറിയാനുള്ള ഉപകരണം തുടങ്ങിയവ ഇതിലുണ്ടാകും. കടലില്‍ ഏത് പ്രക്ഷുബ്ധാവസ്ഥയിലും മറിയാത്തവിധമാണ് ഈ ട്രോളറുകളുടെ നിര്‍മാണം. ഇത്തരം ട്രോളറുകള്‍ ഇന്ത്യയില്‍ നിര്‍മിച്ചിട്ടില്ല. വിദേശത്തുനിന്ന് ഇവ വാങ്ങുകയോ സാങ്കേതികവിദ്യ കൈവശമാക്കി രാജ്യത്ത് നിര്‍മിക്കുകയോ ചെയ്യണമെന്ന് വിദഗ്ധര്‍ പറയുന്നു.

വിദേശ ട്രോളറുകളെ ഇന്ത്യന്‍തീരത്ത് മീന്‍പിടിത്തത്തിന് അനുവദിക്കാനും തദ്ദേശീയ തൊഴിലാളികള്‍ക്ക് അവയില്‍ പരിശീലനം നല്‍കാനുമാണ് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിരുന്നത്. ക്രമേണ ട്രോളറുകള്‍ ഇന്ത്യന്‍ സംഘങ്ങള്‍ക്ക് വാങ്ങാനും അനുമതിയുണ്ടായിരുന്നു. എന്നാല്‍ ഈ പദ്ധതി ദുരുപയോഗം ചെയ്തതിനെത്തുടര്‍ന്ന് കേരള ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം പിന്‍വലിച്ചിരുന്നു.