കയറ്റുമതി മീനുകളുടെ വിലക്കുറവ്
കൊച്ചി:
കയറ്റുമതി കുറഞ്ഞതിനെ തുടര്‍ന്ന് മത്സ്യ മേഖലയിലുണ്ടായ പ്രതിസന്ധി മറികടക്കാന്‍ ശ്രമം തുടങ്ങി. ഈ നിലയ്ക്കു പോയാല്‍ കേരളത്തിലെ മത്സ്യമേഖല സ്തംഭിക്കാനിടയുണ്ടെന്ന സൂചനകളെത്തുടര്‍ന്നാണ് പരിഹാര നീക്കങ്ങള്‍. ബന്ധപ്പെട്ട എല്ലാവരുടെയും യോഗം ഉടന്‍ വിളിക്കാന്‍ വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തയ്യാറാകുമെന്നാണ് സൂചന.

മത്സ്യ മേഖലയിലെ പ്രതിസന്ധി ബുധനാഴ്ച 'മാതൃഭൂമി' റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നീക്കം. കയറ്റുമതി കുറവാണെന്നു പറഞ്ഞ്, വില കുറച്ച് വാങ്ങിയ ശേഷം കയറ്റുമതിക്കാര്‍ ഇത് ക്രിസ്മസ്-പുതുവത്സരത്തിനായി സംഭരിക്കുകയാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കയറ്റുമതി മീനുകള്‍ക്ക് പകുതി വിലയായതോടെ ഈ മേഖല കടുത്ത സാമ്പത്തിക ഞെരുക്കമാണ് നേരിടുന്നത്.

പ്രശ്‌നം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ബോട്ടുകള്‍ കടലില്‍ പോകുന്നത് നിര്‍ത്തിവയ്ക്കുമെന്ന് ഓള്‍ കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസഫ് സേവ്യര്‍ കളപ്പുരയ്ക്കല്‍ പറഞ്ഞു. ഡീസല്‍, ഐസ്, കടലില്‍ പോകുന്നവര്‍ക്കുള്ള പലവ്യഞ്ജനങ്ങള്‍ എന്നിവ കടം വാങ്ങുകയാണ്. ഇതുകൂടി നിലച്ചാല്‍ മീന്‍പിടിത്തം മുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.പരിശോധനകള്‍ വൈകുന്നെന്ന് ആക്ഷേപം
കയറ്റുമതിക്കു മുമ്പുള്ള നിര്‍ബന്ധ പരിശോധന യഥാസമയം നടത്തിക്കിട്ടുന്നില്ലെന്നാണ് ഒരു ആക്ഷേപം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ലാബുകള്‍ ഇതിനുണ്ട്. ആന്റിബയോട്ടിക്കുകള്‍, കാഡ്മിയം, ആഴ്‌സെനിക്, മെര്‍ക്കുറി എന്നിവയുടെ സാന്നിധ്യമാണ് മീനുകളില്‍ പരിശോധിക്കുക. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ആന്റിബയോട്ടിക് സാന്നിധ്യമുള്ള മീനുകള്‍ തിരിച്ചയയ്ക്കും.

കാഡ്മിയം-1 പി.പി.എം. (പാര്‍ട്‌സ് പെര്‍ മില്യന്‍), മെര്‍ക്കുറി-0.5 പി.പി.എം. എന്നിങ്ങനെയാണ് പരമാവധി അനുവദനീയ ഇളവ്. ആഴ്‌സെനിക്കിന് അളവ് നിശ്ചയിച്ചിട്ടില്ല.

ഇവിടെ പരിശോധിക്കുന്ന സാധനങ്ങള്‍ ഇ.ഐ.സി. (എക്‌സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ഷന്‍ കൗണ്‍സില്‍) യുടെ അംഗീകാരത്തോടെയാണ് കയറ്റുമതി ചെയ്യുക. ഇറക്കുമതി ചെയ്യുന്ന രാജ്യത്ത് ഇവ വീണ്ടും പരിശോധിക്കും. എന്തെങ്കിലും കണ്ടെത്തിയാല്‍ അവര്‍ തിരിച്ചയയ്ക്കും. എങ്കില്‍ അതു പരിശോധിച്ച ലാബിനെ സസ്‌പെന്‍ഡ് ചെയ്യും. ഇത്തരം തിരിച്ചയയ്ക്കലുകള്‍ കൂടുതലായിരിക്കുകയാണെന്ന് ലാബുകാര്‍ പറയുന്നു. ഇത് രാജ്യത്തിന്റെ വരുമാനത്തെയും ബാധിക്കും.

എന്നാല്‍, സാമ്പിള്‍ എടുക്കുന്നതിലെ പ്രശ്‌നങ്ങളാണ് ഇതിലേക്ക് നയിക്കുന്നതെന്ന് ലാബുകാര്‍ പറയുന്നു. 1,000-3,000 കെയ്‌സുകളില്‍ 15 എണ്ണത്തില്‍ നിന്നാവും ഒരു കിലോ സാമ്പിള്‍ എടുക്കുക. ഇത് പൂര്‍ണമായും സുരക്ഷിതമാണെങ്കിലും മൊത്തം ലോഡിന്റെ പ്രാതിനിധ്യ സ്വഭാവം ഉണ്ടാകണമെന്നില്ല. ലാബുകള്‍ കുറഞ്ഞാല്‍ പരിശോധന വൈകുകയും ചെയ്യും.കടല്‍ മലിനീകരണവും പ്രശ്‌നം
കടല്‍ മലിനീകരണമാണ് കാഡ്മിയം പോലുള്ള വസ്തുക്കള്‍ മീനില്‍ ഉണ്ടാകാന്‍ കാരണം. കെട്ടുകളില്‍ വളര്‍ത്തുന്ന ചെമ്മീനുകളില്‍ ഇതുണ്ടാകാറില്ലെങ്കിലും ആന്റിബയോട്ടിക് അംശമുണ്ടാകും. ബംഗാള്‍, ആന്ധ്ര തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് ചെമ്മീന്‍ കൂടുതലായി വരുന്നത്. രോഗം ചെറുക്കാനാണ് ഇവ പ്രയോഗിക്കുന്നതെങ്കിലും മീനുകളുടെ വലിപ്പം കൂടുകയും ചെയ്യും.

ചില രാജ്യങ്ങള്‍ ആന്റിബയോട്ടിക് സാന്നിധ്യം ഒരു പരിധി വരെ അനുവദിക്കുമെങ്കിലും യൂറോപ്യന്‍ യൂണിയന്‍ ഒട്ടും സമ്മതിക്കില്ല.