* വലനിര്‍മാണത്തിലടക്കം നിയമഭേദഗതി

* നയമുണ്ടാക്കാന്‍ മീന്‍പിടിത്തക്കാരും

* മത്സ്യമേഖലയുടെ സുസ്ഥിരവികസനം ലക്ഷ്യം

കൊച്ചി:
കടല്‍സമ്പത്ത് സംരക്ഷിക്കാന്‍ കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ നിയമം ഭേദഗതി ചെയ്യുന്നു. വല നിര്‍മാണത്തിലുള്‍പ്പെടെ നിയന്ത്രണം വരും. ഇതിനുള്ള ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിശോധന പൂര്‍ത്തിയാക്കി. 24-ന് ഇത് സഭയില്‍ അവതരിപ്പിക്കും.

മത്സ്യമേഖലയുടെ സുസ്ഥിരവികസനം ലക്ഷ്യമിട്ടാണ് ഭേദഗതികള്‍. മൂന്നു മേഖലകളാണ് ഇതില്‍ പ്രധാനമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.

നയരൂപവത്കരണത്തില്‍ മീന്‍പിടിത്തക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതാണ് ഇതില്‍ പ്രധാനം. മത്സ്യസമ്പത്തിന്റെയും തീരമേഖലയുടെയും പരിപാലനത്തിനായി പങ്കാളിത്ത പരിപാലനസമിതികള്‍ രൂപവത്കരിക്കും. വില്ലേജ്, ജില്ലാ, സംസ്ഥാനതലങ്ങളില്‍ ഇത്തരത്തിലുള്ള സമിതികളുണ്ടാകും. മത്സ്യത്തൊഴിലാളികളും സംഘടനാ പ്രതിനിധികളും വിദഗ്ധരുമെല്ലാം ഇതിലുണ്ടാകും.

ബോട്ടുനിര്‍മാണ കേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരുന്നതാണ് രണ്ടാമത്തേത്. നിര്‍മാണ കേന്ദ്രങ്ങള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. നിര്‍മിക്കുന്ന ബോട്ടുകളിലെ സൗകര്യങ്ങളെക്കുറിച്ചുവരെ നിര്‍ദേശമുണ്ട്. മീന്‍പിടിത്ത ബോട്ടുകളില്‍ ശൗചാലയം നിര്‍ബന്ധമാക്കും. ബോട്ടിന്റെ ഡെക്കിന് താഴെയുള്ള മത്സ്യസംഭരണശേഷി ആകെ ശേഷിയുടെ 30 ശതമാനത്തില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്. തൊഴിലാളികള്‍ക്ക് സ്ലീപ്പിങ് ബെര്‍ത്തുകളും നിര്‍ബന്ധമാകും.

വലനിര്‍മാണത്തിനുള്ള നിയന്ത്രണമാണ് മൂന്നാമത്തെ പ്രധാന ഭേദഗതി. വലനിര്‍മാണത്തിന് രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കും. വലക്കണ്ണികളുടെ വലുപ്പം ഏകീകരിക്കും. ഓരോ ഇനം വലകള്‍ക്കും നിശ്ചിത ആകൃതിയും നിര്‍ദേശിക്കുന്നുണ്ട്.

ട്രോളിങ് നിരോധനത്തെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി 2014-ല്‍ നല്‍കിയ ശുപാര്‍ശകളില്‍ ഉള്‍പ്പെടുന്നതാണ് പുതിയ മാറ്റങ്ങള്‍. കേരളത്തിന്റെ മത്സ്യമേഖലയ്ക്ക് ഏറെ ഗുണകരമാകും പുതിയ മാറ്റങ്ങളെന്ന് സി.എം.എഫ്.ആര്‍.ഐ.യിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ. സുനില്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.

പുതിയ നിയമപ്രകാരം

വലക്കണ്ണികളുടെ വലുപ്പം

ട്രോളിങ് വല 35 മില്ലീമീറ്റര്‍

ചെമ്മീന്‍ വല 25

ചാള വല 22

നത്തോലി വല 10

അയല വല 50

നെയ്മീന്‍ വല 104

കൊഞ്ച് വല 38

ചൂര വല 80

കോര വല 40