ഫിഷറീസ് നയം തയ്യാറാകുന്നു


തിരുവനന്തപുരം:
പൊതുജലാശയങ്ങള്‍ മത്സ്യക്കൃഷിക്കായി വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും പാട്ടത്തിനു നല്‍കുന്നു. പുതിയ ഫിഷറീസ് നയത്തിലാണ് നിര്‍ദേശം. ഹെക്ടറിന് നിശ്ചിതനിരക്കില്‍ ഒരു വര്‍ഷത്തേക്കായിരിക്കും നല്‍കുക. തുടര്‍ന്ന് വര്‍ഷംതോറും പാട്ടം പുതുക്കി നല്‍കും.

നിലവിലുള്ള പഞ്ചായത്തീരാജ് നിയമമനുസരിച്ച് അണക്കെട്ടുകള്‍, കായലുകള്‍, നദികള്‍ എന്നിവ ഒഴികെയുള്ള ജലാശയങ്ങളുടെ നിയന്ത്രണം അതതു പ്രദേശത്തെ തദ്ദേശസ്ഥാപനങ്ങള്‍ക്കാണ്. ഈ ജലാശങ്ങളില്‍ സ്വന്തമായി മത്സ്യക്കൃഷി നടത്തുന്നതിനും ഇവിടെനിന്ന് മീന്‍പിടിക്കുന്നതിനുള്ള അവകാശം ലേലം ചെയ്തു നല്‍കുന്നതിനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവകാശമുണ്ട്. അതേസമയം, മത്സ്യക്കൃഷിക്കായി ജലാശയം വ്യക്തികള്‍ക്ക് പാട്ടത്തിനു നല്‍കാന്‍ അനുമതിയില്ല.

രാജ്യത്തെ എല്ലാ ജലാശയങ്ങളിലും മത്സ്യക്കൃഷി വ്യാപകമാക്കി ഉത്പാദനം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ഫിഷറീസ് നയം പ്രഖ്യാപിച്ചിരുന്നു. കേന്ദ്രനയത്തിലും ജലാശയങ്ങള്‍ ഉപയോഗിച്ച് ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മത്സ്യത്തൊഴിലാളികളുടെ കൂട്ടായ്മകള്‍, സഹകരണസംഘങ്ങള്‍, സ്വയംസഹായസംഘങ്ങള്‍ എന്നിവയ്ക്ക് മുന്‍ഗണന നല്‍കി ജലാശയങ്ങള്‍ പാട്ടത്തിന് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

പുതിയ ഫിഷറീസ് നയത്തിന്റെ ചുവടുപിടിച്ച് നിലവിലുള്ള നിയമങ്ങളില്‍ ആവശ്യമായ ഭേദഗതികള്‍ വരുത്തും. സര്‍ക്കാര്‍ നിയോഗിച്ച, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി െജയിംസ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സമിതി പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തദ്ദേശവകുപ്പുമായി കൂടിയാലോചിച്ച ശേഷമാകും നയത്തിന് അന്തിമരൂപം നല്‍കുക.

നിലവിലുള്ള നിയമപ്രകാരം ജലാശയങ്ങളുടെ മലിനീകരണം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ചുമതലയിലാണ്. വ്യവസായ മലിനീകരണംമൂലമോ വ്യക്തികളുടെ നടപടികള്‍മൂലമോ ജലാശയങ്ങള്‍ മലിനീകരിക്കപ്പെട്ട് മത്സ്യസമ്പത്തിന് നാശമുണ്ടായാലും ഫിഷറീസ് വകുപ്പിന് ഇടപെടാന്‍ കഴിയില്ല. ഈ സ്ഥിതിമാറ്റി മത്സ്യസമ്പത്തിന്റെ സംരക്ഷണം ഉറപ്പാക്കുന്നതില്‍ ഫിഷറീസ് വകുപ്പിന് ചുമതലനല്‍കാനും ആലോചിക്കുന്നുണ്ട്.

ജലാശയങ്ങള്‍ മത്സ്യക്കൃഷിക്ക് പാട്ടത്തിന് നല്‍കുന്നതിനൊപ്പം ഓരുജല മത്സ്യക്കൃഷിയുടെയും ശുദ്ധജല മത്സ്യക്കൃഷിയുടെയും വിളവെടുപ്പ് ഇരട്ടിയാക്കുന്നതിന് ജനകീയ മത്സ്യക്കൃഷി നടപ്പാക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ 40,000 ടണ്‍ മത്സ്യ ഉത്പാദനമാണ് ഈ മേഖലയിലുള്ളത്. ഇത് ഇരട്ടിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി 48 കോടി രൂപ ചെലവഴിക്കാനാണ് തീരുമാനം.