'ഓപ്പറേഷന്‍ സാഗര്‍ റാണി'


കൊച്ചി:
മത്സ്യ സംഭരണ-വിതരണ മേഖലയില്‍ അനാരോഗ്യകരമായ പ്രവണതകള്‍ തടയാന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനത്ത് തുടങ്ങിയ 'ഓപ്പറേഷന്‍ സാഗര്‍ റാണി' രണ്ടാം ഘട്ടത്തിലേക്ക്. ആദ്യ ഘട്ടത്തില്‍ ശേഖരിച്ച സാമ്പിളുകളുടെ ഫലങ്ങള്‍ വന്നു തുടങ്ങിയപ്പോള്‍ മത്സ്യത്തില്‍ അനുവദനീയമായതിലും കൂടുതല്‍ ബെന്‍സൊയെറ്റ് ഉള്ളതായി കണ്ടെത്തി. എറണാകുളം ചമ്പക്കര മാര്‍ക്കറ്റില്‍ നിന്ന് ശേഖരിച്ച മത്സ്യ സാമ്പിളിലാണ് ഇത് കണ്ടെത്തിയത്. അമിതമായ അളവില്‍ സോഡിയം ബെന്‍സൊയെറ്റ് ഉപയോഗിക്കുന്നത് കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് വഴിവയ്ക്കും.
സംസ്ഥാനത്തെ മത്സ്യ വിപണിയില്‍ രാസവസ്തുക്കളുടെ ഉപയോഗം കൂടുതലാണെന്ന പരാതികള്‍ കൂടിയപ്പോഴാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശ്രദ്ധ ഈ മേഖലയിലേക്ക് തിരിഞ്ഞത്. മത്സ്യം പാചകം ചെയ്തപ്പോള്‍ രണ്ട് ദിവസം വരെ മത്സ്യത്തില്‍ നിന്ന് പുക വന്നതടക്കമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മത്സ്യ മാര്‍ക്കറ്റുകളിലും സംസ്‌കരണ കേന്ദ്രങ്ങളിലും ഹാര്‍ബറുകളിലുമെല്ലാം ഇത്തരം രാസവസ്തുക്കള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ടെന്ന പരാതികള്‍ കൂടിയ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനമൊട്ടാകെ പരിശോധനകള്‍ക്കിറങ്ങിയത്. അമോണിയ, സോഡിയം ബെന്‍സൊയെറ്റ്, ഫോര്‍മലിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ മീന്‍ കേടു കൂടാതിരിക്കാന്‍ ഉപയോഗിക്കുന്നുണ്ട്്. അമിതമായ അളവില്‍ ഇവ ഉപയോഗിക്കുന്നതാണ് പരാതികള്‍ക്ക് ഇടയായത്.
'ഓപ്പറേഷന്‍ സാഗര്‍ റാണി' എന്ന് പേരിട്ട പരിശോധനാ ദൗത്യത്തിന്റെ ആദ്യ പടിയായി സംസ്ഥാനത്തെ മത്സ്യ മാര്‍ക്കറ്റുകളിലും ഹാര്‍ബറുകളിലും മറ്റും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനകള്‍ നടത്തിയിരുന്നു. പ്രധാന മത്സ്യ മാര്‍ക്കറ്റുകളില്‍ നിന്ന് മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയില്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധനാ ഫലങ്ങള്‍ കിട്ടിത്തുടങ്ങുന്നതേയുള്ളു.
എറണാകുളം ജില്ലയില്‍ ആലുവ, പറവൂര്‍, കാലടി, മൂവാറ്റുപുഴ, വരാപ്പുഴ, ചമ്പക്കര, എറണാകുളം എന്നീ മാര്‍ക്കറ്റുകളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ജില്ലയിലെ പ്രധാന ഹാര്‍ബറുകളായ മുനമ്പത്തു നിന്നും തോപ്പുംപടിയില്‍ നിന്നും മത്സ്യ സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
പരിശോധനാ ഫലം കിട്ടിയതില്‍ ചമ്പക്കര മാര്‍ക്കറ്റില്‍ നിന്ന് എടുത്ത സാമ്പിളില്‍ അനുവദിച്ചതില്‍ അധികം സോഡിയം ബെന്‍സൊയെറ്റ് കണ്ടെത്തിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. മറ്റ് സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി നോക്കിയ ശേഷം ഓരോ മാര്‍ക്കറ്റിലും വേണ്ട സുരക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ബോധവത്കരണത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. രാസവസ്തുക്കളുടെ അമിതോപയോഗം മൂലം ഉണ്ടാകുന്ന ശാരീരിക പ്രശ്‌നങ്ങളെക്കുറിച്ച് ബോധവത്കരിക്കാനാണ് ഉദ്ദേശിക്കുന്നത്. എറണാകുളത്ത് ഫിബ്രവരി 10 ന് മുനമ്പം ഹാര്‍ബറിലും 14 ന് തോപ്പുംപടിയിലും 16 ന് ചമ്പക്കര മാര്‍ക്കറ്റിലും ആദ്യം ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കും. മത്സ്യം ശരിയായ രീതിയില്‍ സംഭരിക്കുന്നതിനെക്കുറിച്ച് വിദഗ്ദ്ധര്‍ ക്ലാസുകളെടുക്കും. മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്കും ക്ലാസുകളില്‍ പങ്കെടുക്കാനാവും.