എതിര്‍പ്പുമായി ബോട്ടുടമകളും തൊഴിലാളികളും


കൊച്ചി:
കടലില്‍ നിന്നുള്ള മീന്‍ പിടിത്തത്തിന് നിയന്ത്രണങ്ങളുമായി ഫിഷറീസ് വകുപ്പ്. ഇവ അംഗീകരിക്കാനാവില്ലെന്ന് ശഠിച്ച് ചില ബോട്ടുടമകളും തൊഴിലാളികളും. മീന്‍ പിടിത്ത ബോട്ടുകള്‍ നിര്‍മിക്കുന്ന യാര്‍ഡുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങളിന്മേല്‍ വകുപ്പ് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി വരികയാണ്. തോന്നുംപോലെ മീന്‍ പിടിച്ചാല്‍ കടലിലെ സമ്പത്ത് വളരെ വേഗം ഇല്ലാതാകുമെന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
കേരള മറൈന്‍ ഫിഷിങ് റെഗുലേഷന്‍ ആക്ട് ഭേദഗതി ചെയ്യുന്നതിനു മുന്നോടിയായി പുറത്തിറക്കിയ നിര്‍ദേശങ്ങളിന്മേല്‍ കൊച്ചിയിലും കോഴിക്കോട്ടും കൊല്ലത്തും മീന്‍ പിടിത്തവുമായി ബന്ധപ്പെട്ട ആളുകളെ പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തി. കൊച്ചിയില്‍ ബോട്ടുടമകളും അവര്‍ക്കു പിന്തുണ നല്‍കുന്ന തൊഴിലാളികളും പങ്കെടുത്തില്ല. മറ്റ് രണ്ടിടങ്ങളില്‍ അവരും പങ്കെടുത്തിരുന്നു.
മീന്‍ പിടിത്തത്തിനായി നിര്‍ദേശിച്ചതില്‍ കൂടുതല്‍ നീളമുള്ള ബോട്ടുകള്‍ കടലിലിറക്കുന്നത് നിയന്ത്രിക്കണമെന്ന നിര്‍ദേശം സര്‍ക്കാരിനുണ്ട്. അവ നിര്‍മിക്കണമെങ്കില്‍ ഫിഷറീസ് വകുപ്പിന്റെ അംഗീകാരം വേണം. ഇപ്പോള്‍ യാതൊരു നിയന്ത്രണവും ഇക്കാര്യത്തിലില്ല. തോന്നിയപോലെ ബോട്ടുകളുണ്ടാക്കി കടലിലിറക്കിയ ശേഷമാണ് ലൈസന്‍സിനായി മിക്കവാറും ഉടമകള്‍ ശ്രമിക്കാറുള്ളത്. അതുകൊണ്ടുതന്നെ നിയന്ത്രണം പലപ്പോഴും നടപ്പാവില്ല.
ബോട്ടുകളില്‍ ടോയ്െലറ്റും വിശ്രമ മുറിയും ഉണ്ടായിരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. ബോട്ടിന്റെ ആകെ വ്യാപ്തിയുടെ മുപ്പത് ശതമാനം മീന്‍ സൂക്ഷിക്കാനുള്ള സജ്ജീകരണത്തിനായി ഉപയോഗിക്കണം. വലകളുടെ നീളവും താഴ്ചയും കണ്ണിയകലവും നിജപ്പെടുത്തണം. അത് ലംഘിക്കാനനുവദിക്കരുത്. ബോട്ടിന്റെ വലിപ്പം കൂടുന്തോറും വലകളുടെ വലിപ്പവും കൂടിവരുന്ന സമ്പ്രദായമാണിപ്പോള്‍. അത് പാടില്ല. അംഗീകാരമുള്ള വലയാണ് ഉപയോഗിക്കുന്നതെന്ന് തിരിച്ചറിയാന്‍ അടയാളം രേഖപ്പെടുത്തും. പുതിയ മീന്‍പിടിത്ത രീതികള്‍ സ്വീകരിക്കുന്നത് ഫിഷറീസ് വകുപ്പിന്റെ അനുമതിയോടെയേ പാടുള്ളൂ. കരവലി, പെലാജിക് ട്രോളിങ്, ബുള്‍ട്രോളിങ് എന്നിവ നിരോധിക്കണം. മണ്‍സൂണ്‍ ട്രോളിങ് രണ്ട് ഘട്ടങ്ങളിലായി 60 ദിവസമാക്കാനും നിര്‍ദേശമുണ്ട്.