മനുഷ്യര്‍ മുഖ്യകാരണമെന്ന് റിപ്പോര്‍ട്ട്


കാസര്‍കോട്: പശ്ചിമഘട്ടത്തില്‍ കുറച്ചുമാത്രം കാണപ്പെടുന്ന വൈറ്റ്ഡാമര്‍ എന്നുപേരുള്ള കുന്തിരിക്കമരം (വറ്റീരിയ ഇന്‍ഡിക്ക) ഇല്ലാതാകുന്നു. കാസര്‍കോട് കേന്ദ്രസര്‍വകലാശാലയുടെ പഠനത്തിലാണ് കണ്ടെത്തല്‍.
വീഴുന്ന കായകളില്‍ ഭൂരിഭാഗവും മുളയ്ക്കാന്‍ അനുവദിക്കാതെ ശേഖരിച്ച് വില്‍ക്കുന്നതാണ് പ്രധാന കാരണം. തോടിനുള്ളിലെ എണ്ണ പെയിന്റ് ഉത്പാദനത്തിന് ഉപയോഗിക്കുന്നുണ്ട്. ഭക്ഷ്യയോഗ്യവുമാണ്.
കേന്ദ്രസര്‍വകലാശാലയിലെ ജന്തുശാസ്ത്രവിഭാഗം അസി. പ്രൊഫസറായ ഡോ. പി.എ. സിനുവിന്റെ നേതൃത്വത്തിലാണ് പശ്ചിമഘട്ടത്തില്‍ പഠനം നടത്തിയത്. ദേശീയ ശാസ്ത്ര അക്കാദമി ജേണലില്‍ ഇത് പ്രസിദ്ധീകരിച്ചു.
കേരള-കര്‍ണാടക അതിര്‍ത്തിപ്രദേശങ്ങളായ സുള്ള്യ, കുടക്, ശൃംഗേരി, ആഗുംബെ, കുതരെമുഖ് എന്നിവിടങ്ങളിലാണ് ഇവ കാണുന്നത്. ഓരോ വര്‍ഷവും ഇടവിട്ടാണ് കായ്ക്കുന്നത്. ഒരു കായയ്ക്ക് 738 ഗ്രാം ഭാരമുണ്ട്.
നിലത്തുവീഴുന്ന കായ്കള്‍ ഒരാഴ്ചയ്ക്കുള്ളില്‍ മുളയ്ക്കും. നല്ല മഴക്കാലത്താണ് കായ്കള്‍ വീഴുക. പക്ഷികള്‍, മരപ്പട്ടി, വവ്വാലുകള്‍ തുടങ്ങിയവ കായ തിന്നാത്തതിനാല്‍ ദൂേരക്ക് വിത്ത് വിതരണം നടക്കുന്നില്ല. കുറച്ച് വിത്തുകള്‍ കാട്ടരുവിയിലൂടെ ഒഴുകി മറ്റിടങ്ങളില്‍ മുളയ്ക്കുന്നു. അതിനാല്‍, പശ്ചിമഘട്ടത്തിന്റെ കുറച്ച് ഭാഗത്തേ ഇവ കാണുന്നുള്ളൂ.
മനുഷ്യര്‍ തന്നെയാണ് ഇതിന്റെ മുഖ്യശത്രുവെന്നാണ് പഠനം പറയുന്നത്. വീഴുന്ന കായകള്‍ മനുഷ്യര്‍ ശേഖരിച്ചു കഴിഞ്ഞാല്‍ മൂന്നു ശതമാനം മാത്രമേ അവശേഷിക്കാറുള്ളൂ. ഇക്കാരണത്താല്‍ കുറച്ച് തൈകളേ ഇന്ന് പശ്ചിമഘട്ടത്തില്‍ കാണുന്നുള്ളൂ.
ദക്ഷിണകര്‍ണാടകയിലെ ഒരു താലൂക്കില്‍നിന്ന് മാത്രം 820 ടണ്‍ കായ്കളാണ് മഹാരാഷ്ട്രയിലേക്ക് കയറ്റിയയക്കുന്നത്. വലിയ മരത്തില്‍നിന്ന് കുന്തിരിക്കപ്പാല്‍ ശേഖരിക്കുന്നതിനാല്‍ ഇവയും നാശത്തിലാണെന്ന് ഡോ. സിനു പറയുന്നു. കുന്തിരിക്ക കായ്കള്‍ നോണ്‍ ടിമ്പര്‍ ഫോറസ്റ്റ് പ്രൊഡ്യൂസില്‍ (എന്‍.എഫ്.എഫ്.പി.) വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്.