പെലാജിക് വല ഉപയോഗിച്ച് മീന്‍പിടിത്തം

വപ്പിന്‍:
നിരോധിക്കപ്പെട്ട പെലാജിക് വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ വള്ളക്കാരും ബോട്ടുകാരും ചേര്‍ന്ന് കടലില്‍ വെച്ച് പിടികൂടി. കുളച്ചല്‍ സ്വദേശി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള 'എ. ജോസഫ് സ്റ്റാലിന്‍', മുനമ്പം സ്വദേശി രഘുവിന്റെ ഉടമസ്ഥതയിലുള്ള 'വിന്‍സ്റ്റാര്‍' എന്നീ ബോട്ടുകളാണ് മത്സ്യത്തൊഴിലാളികള്‍ പിടികൂടിയത്. ബോട്ടുകള്‍ ഇവര്‍ വൈപ്പിനിലെ ഫിഷറീസ് സ്റ്റേഷനിലെത്തിച്ചു.
രണ്ട് ബോട്ടുകള്‍ക്കും മതിയായ രേഖകള്‍ ഇല്ലെന്ന് അസി. ഫിഷറീസ് ഡയറക്ടര്‍ ടി. സജി പറഞ്ഞു. മുനമ്പത്തെ ബോട്ടിന്റെ രജിസ്‌ട്രേഷനുള്ള തുക അടച്ചതായാണ് ബോട്ടുടമ അവകാശപ്പെടുന്നത്. അതേസമയം, തമിഴ്‌നാട് ബോട്ടിന് രജിസ്‌ട്രേഷന്‍ ഇല്ല. പിടിച്ചെടുത്ത ബോട്ടുകള്‍ നിയമ നടപടികള്‍ പൂര്‍ത്തീകരിച്ച് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറും.
രണ്ട് ബോട്ടുകളിലുമായി ഉണ്ടായിരുന്ന 26 അന്യസംസ്ഥാന തൊഴിലാളികളേയും പോലീസും മറൈന്‍ എന്‍ഫോഴ്‌സമെന്റും ചേര്‍ന്ന് സുരക്ഷിതമായി ഓഫീസിലേക്ക് മാറ്റി.
പിന്നീട് തൊഴിലാളികള്‍, പിടിച്ചെടുത്ത പെലാജിക് വലയുമായി ഗോശ്രീ കവലയിലേക്ക് പ്രകടനം നടത്തി. അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മത്സ്യത്തൊഴിലാളി നേതാക്കളായ പി.ബി. ദയാനന്ദന്‍, പി.വി. ജയന്‍, എ.കെ. ശശി, എ.ജി. ഫല്‍ഗുണന്‍, പി.ജി. ജയകുമാര്‍, സി.കെ. മുരളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഒരു വര്‍ഷം മുന്‍പുണ്ടാക്കിയ പെരുമാറ്റച്ചട്ടങ്ങള്‍ ഒരു ചെറിയ വിഭാഗം ലംഘിച്ചതാണ് ഇപ്പോഴുള്ള സംഘര്‍ഷങ്ങള്‍ക്ക് കാരണമായത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പെലാജിക് വലയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് തീരത്ത് വലിയ സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. തൊഴിലാളികള്‍ പരസ്​പരം ഏറ്റുമുട്ടലും വല കത്തിക്കലുമൊക്കെ നടന്നു. പിന്നീട് ബോട്ടുകാരും വള്ളക്കാരും ചേര്‍ന്ന കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം കൊടുക്കുകയും സമാധാനപരമായി കാര്യങ്ങള്‍ അവസാനിക്കുകയും ചെയ്തു.
എന്നാല്‍, വീണ്ടും മത്സ്യബന്ധനത്തില്‍ അനാശാസ്യമായ കാര്യങ്ങള്‍ തുടങ്ങി. മത്സ്യോത്പാദനം നേര്‍പകുതിയായി കുറഞ്ഞു. ചാള ആറിലൊന്നായാണ് കുറഞ്ഞത്. 2015 ആഗസ്ത് 8ന് 14 ഇനം മത്സ്യങ്ങളുടെ കുറഞ്ഞ വലിപ്പം നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് എറണാകുളത്തേയും സമീപ ജില്ലകളിലേയും വള്ളങ്ങളുടെ ലീഡര്‍മാര്‍ ജൂണ്‍ 27ന് വൈപ്പിനില്‍ യോഗം ചേര്‍ന്ന് നാല് കാര്യങ്ങളില്‍ പെരുമാറ്റച്ചട്ടം ഉണ്ടാക്കിയത്.
രാത്രികാല മത്സ്യബന്ധനം പൂര്‍ണമായും ഒഴിവാക്കുക, ഒരു ദിവസം ഒരു പ്രാവശ്യം മാത്രം മത്സ്യബന്ധനത്തിന് പോകുക, ചെറിയ മീനുകളെ പിടിക്കാതിരിക്കുക, പൊടിക്കുന്നതിനുള്ള ചെറു മത്സ്യങ്ങളെ പിടിക്കാതിരിക്കുക എന്നിവയായിരുന്നു തീരുമാനങ്ങള്‍.
ജൂലായ് 30ന് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത ബന്ധപ്പെട്ടവരുടെ യോഗത്തില്‍ ബോട്ടുടമകള്‍ ഇതംഗീകരിക്കുകയും ചെയ്തു. പിന്നീട് ഒരു വര്‍ഷം ഇക്കാര്യത്തില്‍ വളരെ സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകുകയും ചെയ്തു.
ഇതിനിടെ ഒരു വിഭാഗം ബോട്ടുടമകള്‍ ചെറു മത്സ്യങ്ങളെ പിടിക്കാന്‍ ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. കഴിഞ്ഞയാഴ്ച ബോട്ടുടമകള്‍ കൊച്ചിയില്‍ യോഗം ചേര്‍ന്ന് നിരോധിത വലകളുടെ ഉപയോഗം തടയാന്‍ തീരുമാനിച്ചിരുന്നു.
എല്ലാവരും അംഗീകരിച്ച പെരുമാറ്റച്ചട്ടം ഒരു ന്യൂനപക്ഷം ബോട്ടുകള്‍ ലംഘിക്കുന്നത് നിയമ വാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പെലാജിക് വലയുടെ ഉപയോഗം പൂര്‍ണമായും തടയണമെന്നും മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.) സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് ആവശ്യപ്പെട്ടു.