ചാല: ആലപ്പുഴ സ്വദേശിനിയെ കണ്ണൂരിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കണ്ണൂർ മരക്കാർകണ്ടി സ്വദേശി ഷാഹിദിനെ (21) എടക്കാട് പോലീസ് അറസ്റ്റുചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.

കേസിലെ മറ്റൊരു പ്രതിയായ പൊതുവാച്ചേരി സ്വദേശി മുനീർ ഒളിവിലാണ്. ഇയാൾക്കുവേണ്ടി പോലീസ് തിരച്ചിലാരംഭിച്ചു.

അമ്പലപ്പുഴ സ്വദേശിനിയായ ഇരുപതുകാരിയെ ബെംഗളൂരുവിൽനിന്നാണ് പ്രതികൾ കൊണ്ടുവന്നത്. തങ്ങൾ സുഹൃത്തുക്കളാണെന്നും ബെംഗളൂരുവിൽനിന്നാണ് പരിചയപ്പെട്ടതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ബുധനാഴ്ച പുലർച്ചെ തന്നടയിലായിരുന്നു പീഡനശ്രമം. തുടർന്ന് യുവതി ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടി. എടക്കാട് എസ്.ഐ. മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.