തിരുവനന്തപുരം: നിയമസഭയിൽ അതിക്രമം നടന്ന ബജറ്റ് അവതരണ ദിവസം തങ്ങൾക്കുപുറമെ ഇരുപതോളം എം.എൽ.എ.മാർ സ്പീക്കറുടെ ഡയസിൽ കയറിയിരുന്നെന്ന് പ്രതികൾ. വിടുതൽഹർജിയിലെ വാദത്തിനിടെയാണ് പ്രതികൾ ഇക്കാര്യം കോടതിയെ അറിയിച്ചത്. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ചത്.

മന്ത്രി വി. ശിവൻ കുട്ടി, മുൻമന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, മുൻ എം.എൽ.എ.മാരായ കെ. അജിത്, സി.കെ. സദാശിവൻ, കുഞ്ഞഹമ്മദ് എന്നിവരാണ് നിലവിലെ പ്രതികൾ. തങ്ങൾക്കു പുറമെ പി. ശ്രീരാമകൃഷ്ണൻ, പ്രൊഫ. രവീന്ദ്രനാഥ്, ജെയിംസ് മാത്യു, ബാബു എം. പാലിശ്ശേരി, തോമസ് ഐസക്, ബി. സത്യൻ, വി.എസ്. സുനിൽകുമാർ, സി. ദിവാകരൻ, ആർ. രാജേഷ് എന്നിവരടക്കം സ്പീക്കറുടെ ഡയസിൽ പ്രവേശിച്ചെങ്കിലും തങ്ങളെ മാത്രമാണ് കേസിൽ പ്രതിയാക്കിയതെന്ന് പ്രതികൾ വാദിച്ചു.

സ്പീക്കറുടെ ഡയസിൽ പ്രവേശിക്കുമ്പോൾ പാലിശ്ശേരി ഏറെ പ്രകോപിതനായിരുന്നതായുള്ള സാക്ഷിമൊഴി കോടതിയെ വായിച്ചുകേൾപ്പിച്ചു. എല്ലാവരുംകൂടി കടന്നുകയറിയപ്പോഴുണ്ടായ ഉന്തിലുംതള്ളിലുമാണ് നാശനഷ്ടമുണ്ടായതെന്നാണ് പ്രതികളുടെ വാദം. അതിൽ ആറുപേരെമാത്രം പ്രതികളാക്കിയതിലെ അനൗചിത്യവും പ്രതികൾ കോടതിയെ അറിയിച്ചു.

പൊതുമുതൽ നശിപ്പിക്കണമെന്ന് പ്രതികൾക്ക് ഉദ്ദേശ്യമുള്ളതായി ഒരു സാക്ഷിപോലും പറഞ്ഞിട്ടില്ല. 140 എം.എൽ.എ.മാരിലാരും സാക്ഷികളല്ല. 21 മന്ത്രിമാരിൽ ആരെയും അന്വേഷണസംഘം സാക്ഷിയാക്കിയില്ലെന്നും പ്രതികൾ വാദിച്ചു.

അനാവശ്യമായി കൂടുതൽ പോലീസുകാരെ നിയമിച്ച് വാച്ച് ആൻഡ് വാർഡിന്റെ വേഷംനൽകി പ്രശ്നമുണ്ടാക്കിയതാണെന്നാണ് പ്രതികളുടെ വാദം. പോലീസുകാരാണ് ആദ്യം ബലം പ്രയോഗിച്ചുതുടങ്ങിയത്. പ്രതികളായവർ അതിനെ പ്രതിരോധിക്കുകയായിരുന്നു.

ശിവൻകുട്ടി ഇലക്ട്രോണിക്‌സ് ബോർഡ് നശിപ്പിച്ചുവെന്നാണ് കുറ്റം. നശിപ്പിക്കപ്പെട്ടവയുടെ പട്ടികയിൽ ഇലക്ട്രോണിക്‌സ് ബോർഡ് ഇല്ലാത്തതുകൊണ്ട് ശിവൻകുട്ടിയുടെപേരിൽ കേസ് നിൽക്കില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

നിയമസഭാസാമാജികരായ പ്രതികൾ തങ്ങൾചെയ്യുന്നത് നിയമവിരുദ്ധ പ്രവൃത്തിയും ശിക്ഷാർഹവുമാണെന്ന് അറിഞ്ഞുകൊണ്ടാണ് സഭയ്ക്കുളളിൽ അതിക്രമം കാണിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് േപ്രാസിക്യൂഷൻ കെ. ബാലചന്ദ്ര മേനോൻ വാദിച്ചു. ഹർജിയിൽ ഒക്ടോബർ ഏഴിന് കോടതി വിധിപറയും.