ആലപ്പുഴ: സംസ്ഥാനത്ത് വർഷങ്ങളായി യു.ഡി.എഫിന്റെ കൈവശമിരുന്ന രണ്ട് സീറ്റുകൾ എൽ.ഡി.എഫ്. പിടിച്ചെടുത്തപ്പോൾ, കക്ഷത്തിലിരുന്ന അരൂർ കൈവിട്ടു പോയതിനുപിന്നിൽ അടിയൊഴുക്കുകൾതന്നെ കാരണം.

സാമൂഹിക സാഹചര്യങ്ങൾ കണക്കാക്കാതെയുള്ള സ്ഥാനാർഥി നിർണയം, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ‘പൂതന’ വിവാദം, തുടരെ തോൽവി നേരിട്ട യു.ഡി.എഫ്. സ്ഥാനാർഥിയോടുള്ള സഹതാപം എന്നിവയും തിരിച്ചടിക്ക് കാരണമായി. എൻ.ഡി.എ.യുടെ വോട്ടുചോർച്ചയും നിർണായകമായി.

അരൂരിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫ്. സ്ഥാനാർഥിക്ക് 3671 വോട്ടുകളും എൽ.ഡി.എഫിന് 2182 വോട്ടുകളും കൂടുതൽ ലഭിച്ചപ്പോൾ എൻ.ഡി.എ. ക്ക് 9972 വോട്ടുകൾ കുറഞ്ഞു. എൻ.ഡി.എ.യിലെ ഈ വോട്ടുചോർച്ചയാണ് അട്ടിമറിയായത്. എൻ.ഡി.എ. ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. വോട്ടുകളും മുന്നണിക്ക് ലഭിച്ചില്ല. അത് യു.ഡി.എഫിന് ലഭിച്ചിരിക്കാമെന്നാണ് എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ അഭിപ്രായം.

‘പൂതനമാർക്കുള്ള ഇടമല്ല അരൂർ’ എന്ന മന്ത്രി ജി. സുധാകരന്റെ പ്രയോഗം സൃഷ്ടിച്ച വിവാദവും എൽ.ഡി.എഫിന് ക്ഷീണമുണ്ടാക്കി. ചട്ടലംഘനത്തിന്റെ പേരിൽ റോഡുനിർമാണം ചോദ്യംചെയ്ത ഷാനിമോൾക്കെതിരേ കേസെടുത്തതും അവർക്ക് അനുകമ്പ നേടിക്കൊടുത്തു.

മുസ്‌ലിം വിഭാഗത്തിൽപ്പെട്ട എ.എം. ആരിഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പുവരെ ആ വിഭാഗത്തിൽനിന്ന് ലഭിച്ചിരുന്ന പിന്തുണ ഇത്തവണ ഷാനിമോൾക്ക് ലഭിച്ചതായും വിലയിരുത്തപ്പെടുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 38,619 വോട്ടുകൾക്കായിരുന്നു ആരിഫ് ജയിച്ചത്.

ഭൂരിപക്ഷ വിഭാഗങ്ങൾക്ക് മേൽക്കൈയുള്ള മണ്ഡലത്തിൽ ആ വിഭാഗത്തിൽനിന്നുള്ള സ്ഥാനാർഥിയെ നിർത്തണമെന്ന് വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിനുമുമ്പ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുമുന്നണികളും നിർത്തിയത് ന്യൂനപക്ഷ വിഭാഗങ്ങളെയാണ്. സമുദായം നോക്കാതെ വെള്ളാപ്പള്ളി പിന്തുണയ്ക്കുമെന്നായിരുന്നു മന്ത്രി ജി. സുധാകരൻ പ്രതികരിച്ചത്. എന്നാൽ എസ്.എൻ.ഡി.പി.യുടെ സഹായം ഇവിടെ എൽ.ഡി.എഫിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.

content highlights: Aroor by election result