തിരുവനന്തപുരം: മലയാളത്തിൽ സത്യപ്രതിജ്ഞ ചൊല്ലി സംസ്ഥാനത്തിന്റെ 22-ാമത് ഗവർണറായി മുൻ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റു.

ആദ്യമായാണ് കേരളത്തിൽ ഒരു ഗവർണർ മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജ്ഭവൻ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ 11-നായിരുന്നു ചടങ്ങ്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ് സത്യവാചകം ചൊല്ലിക്കൊടുത്തു.

ആദ്യം മലയാളത്തിലും തുടർന്ന് ഇംഗ്ലീഷിലും ഗവർണർ സത്യപ്രതിജ്ഞചൊല്ലി. മുഖ്യമന്ത്രി പിണറായി വിജയൻ, ഭാര്യ കമല, സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ പി. ജയരാജൻ, കെ.ടി. ജലീൽ, തോമസ് ഐസക്, എം.എം. മണി, കടകംപള്ളി സുരേന്ദ്രൻ, മേഴ്‌സിക്കുട്ടിയമ്മ, കെ.കെ. ഷൈലജ, പി. ശ്രീരാമകൃഷ്ണൻ, കെ. രാജു, ചീഫ് സെക്രട്ടറി ടോം ജോസ്, അഡ്വ. ജനറൽ സി.പി. സുധാകരപ്രസാദ് തുടങ്ങിയവരും ചടങ്ങിലെത്തി ഗവർണർക്ക് ആശംസകൾ നേർന്നു. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത ചായസത്കാരവും നടന്നു.

ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്, മക്കളായ മുസ്തഫ ആരിഫ്, കബീർ ആരിഫ്, സഹോദരി ആരിഫ ഖാൻ തുടങ്ങിയവരും ചടങ്ങിനെത്തി. ജസ്റ്റിസ് പി. സദാശിവം കാലാവധി പൂർത്തിയാക്കി സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് ആരിഫ് മുഹമ്മദ് ഖാൻ ചുമതലയേറ്റത്. വ്യാഴാഴ്ചയാണ് ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തിയത്.

Content Highlights: arif mohammed khan takes oath as kerala governor