തിരുവനന്തപുരം: എ.പി.ജെ.അബ്ദുൽ കലാം സാങ്കേതിക സർവകലാശാല നടത്തിയ രണ്ടാം രാജ്യാന്തര കാമ്പസ് പ്ലേസ്‌മെന്റിൽ തിളങ്ങി സർവകലാശാലാ വിദ്യാർഥികൾ. മസാച്യുസെറ്റ്‌സിലെ സൗത്ത്ബറോ ആസ്ഥാനമായുള്ള അമേരിക്കൻ ഇൻഫർമേഷൻ ടെക്‌നോളജി സർവീസ് കമ്പനിയായ വിർച്യുസ ആണ് 2022-ൽ ബി.ടെക്., എം.ടെക്., എം.സി.എ. പഠനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കായി പ്ലെയ്‌സ്‌മെന്റ് നടത്തിയത്. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസിലെ റിയ ഫില്ലി മാത്യു, ടി.കെ.എം. കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സ്വാതി സുരേഷ് നായർ, അമൽ ജ്യോതി കോളേജ് ഓഫ് എൻജിനീയറിങ്ങിലെ എമിൽ ജോർജ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്.

ഇവർക്ക് ആദ്യ ഒമ്പതുമാസം വീട്ടിലിരുന്ന് ജോലിചെയ്യാം. ഈ കാലയളവിൽ അഞ്ചു ലക്ഷം രൂപയായിരിക്കും ഇവരുടെ വാർഷികവരുമാനം. ഒമ്പതുമാസം പൂർത്തിയാക്കിയ ശേഷം വിർച്യുസയുടെ അമേരിക്കൻ ഓഫീസിലേക്ക് 45,000 ഡോളർ (ഏകദേശം 33 ലക്ഷം രൂപ) വാർഷിക വരുമാനത്തോടെ ഇവർക്ക് നിയമനം ലഭിക്കും.

കഴിഞ്ഞ വർഷം നടന്ന ആദ്യ അന്താരാഷ്ട്ര പ്ലെയ്‌സ്‌മെന്റ് ഡ്രൈവിൽ സർവകലാശാലയിൽനിന്ന് രണ്ട് വിദ്യാർഥികളെ വിർച്യുസ തിരഞ്ഞെടുത്തിരുന്നു. സർവകലാശാലയ്ക്ക് കീഴിലുള്ള ഇൻഡസ്ട്രി അറ്റാച്ച്‌മെന്റ് സെൽ മുഖേനെയാണ് ഇന്റർനാഷണൽ പ്ലേസ്‌മെന്റ് ഡ്രൈവ് നടത്തിയത്.