തിരുവനന്തപുരം: ഈ ലോകത്ത് ചൊവ്വാഴ്ച ഏറ്റവും കൂടുതൽ സന്തോഷിച്ച വ്യക്തി ആ അമ്മയായിരിക്കും. വലിയൊരു പോരാട്ടത്തിന്റെ വിജയക്കൊടുമുടിയിലായിരുന്നു അവർ. ഒരുവർഷത്തിനുശേഷം അവർക്ക് മകനെ സ്വന്തമായി. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത നിമിഷങ്ങളിലൂടെയാണ് ബുധനാഴ്ച കടന്നുപോയത്. ഇനി നിങ്ങൾക്ക് സ്വന്തമാണ് മോൻ എന്ന് കോടതി അറിയിച്ചതോടെ അനുപമ വിങ്ങലുകൾ മറന്നു ചിരിച്ചു.

‘‘അവനെ കണ്ടിട്ട് വിട്ടുപോരുന്നതിൽ പ്രയാസമുണ്ട്’’ -ചൊവ്വാഴ്ച വൈകീട്ട് അനുപമയുടെ ഈ വാക്കുകളിലുണ്ടായിരുന്നു അമ്മമനസ്സിന്റെ ദുഃഖം. കൃത്യം ഇരുപത്തിനാല് മണിക്കൂറിനു ശേഷം ആ അമ്മയ്ക്ക് കുഞ്ഞിനെ സ്വന്തമായി. ഞാനിവനെ നല്ലൊരു മനുഷ്യനായി വളർത്തുമെന്നായിരുന്നു അപ്പോഴുള്ള മറുപടി.

കുഞ്ഞിന് കളിപ്പാട്ടങ്ങൾ വാങ്ങാൻ അനുപമയും സമരകൂട്ടാളികളായ മാഗ്‌ലിനും മിനിയുമാണ് പോയത്. കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റുസാധനങ്ങളും വാങ്ങി സുഹൃത്തായ അമൃതിന്റെ വീട്ടിൽ വെച്ചു. ഈ സമയത്താണ് വക്കീലിന്റെ വിളിയെത്തുന്നത്. ഉടനെ നിങ്ങൾ കുഞ്ഞിനെ വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകണമെന്നാവശ്യപ്പെട്ടായിരുന്നു വിളി. കുഞ്ഞിനെ അമ്മയ്ക്ക് കൈമാറാൻ സന്നദ്ധമാണെന്ന കത്ത് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധ്യക്ഷ കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണിത്.

ഇതൊന്നുമറിയാതെ ഈ സമയം കുഞ്ഞോമന കുന്നുകുഴിയിലെ നിർമലഭവനിൽ ഉറക്കത്തിലായിരുന്നു. കുഞ്ഞിനെ അനുപമയ്ക്ക് കൈമാറുന്നതിന്റെ ഭാഗമായി ശിശുക്ഷേമ സമിതി ഭാരവാഹികൾ കുന്നുകുഴിയിലെത്തി അവനെ പുതിയ ഉടുപ്പിടീച്ച് ഒരുക്കുന്നു.

ശിശുക്ഷേമസമിതി ഭാരവാഹിയുടെ തോളിൽ കിടന്നുറങ്ങി അവൻ കോടതിയിലേക്ക്. ഇതേ സമയത്താണ് അവന്റെ അച്ഛനും അമ്മയും കോടതിയിൽ എത്തുന്നത്. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച് ഉറപ്പാക്കാനാണ് കോടതി അവരെ വിളിച്ചുവരുത്തിയത്. അവസാനം കേരളം കാത്തിരുന്ന കോടതി നടപടികൾ തുടങ്ങുന്നു.

കുഞ്ഞിനെ കൈമാറിയത് ജഡ്ജിയുടെ ചേംബറിൽ വെച്ച്

അനുപമയെയും അജിത്തിനെയും ജഡ്ജിയുടെ ചേംബറിലേക്ക് വിളിച്ചുവരുത്തുന്നു. ജഡ്ജിയുടെ ചേംബറിൽ വെച്ച് ശിശുക്ഷേമസമിതി പ്രവർത്തകർ അനുപമയ്ക്ക് കുഞ്ഞിനെ കൈമാറുന്നു. ഏറെ സന്തോഷത്തോടെ കുഞ്ഞോമനയെ അമ്മ ഏറ്റുവാങ്ങി, സ്നേഹചുംബനം നൽകി.

കോടതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി അനുപമയും അജിത്തും കുഞ്ഞുമായി കോടതിക്ക് പുറത്തെത്തി. ആ സമയം അനുപമയുടെ മാറോട് ചേർന്ന് ഉറങ്ങുകയായിരുന്നു കുട്ടി. അജിത്തിന്റെ സുഹൃത്തി ന്റെ കാറിൽ അനുപമയും കുഞ്ഞും സാമൂഹികപ്രവർത്തക പി.ഇ. ഉഷയും സമരപ്പന്തലിലേക്ക്. മഴയായതിനാലും വലിയ തിരക്കായതിനാലും അവർക്ക് സമരപ്പന്തലിൽ ഇറങ്ങാനായില്ല. എല്ലാവർക്കും നന്ദി, സമരം ഇനിയും തുടരും. ഞാൻ സമരപ്പന്തലിൽ അധികം നിൽക്കുന്നില്ലെന്ന് പറഞ്ഞ് അനുപമ മടങ്ങി. അമൃതിന്റെ വീട്ടിലേക്കാണ് കുഞ്ഞുമായി പോയത്.