തിരുവനന്തപുരം: ഘടകകക്ഷികളുമായി ഒരു റൗണ്ട് ചർച്ച പൂർത്തിയാക്കിയ സി.പി.എം. തീരുമാനത്തിലേക്കു നീങ്ങുന്നു. 21 അംഗ മന്ത്രിസഭയായിരിക്കും അധികാരമേൽക്കുക. മുന്നണിയിൽ ഉൾപ്പെട്ടതും സഹകരിക്കുന്നതുമായ ആറു കക്ഷികൾക്ക് ഒറ്റ എം.എൽ.എ.മാർ മാത്രമുള്ളതിനാൽ ആദ്യപടിയായി കേരള കോൺഗ്രസ് ബി-യിൽനിന്ന് കെ.ബി. ഗണേഷ്‌കുമാറിനെയും ജനാധിപത്യ കേരള കോൺഗ്രസിൽനിന്ന് ആന്റണി രാജുവിനെയും മന്ത്രിമാരാക്കാനുള്ള തീരുമാനത്തിലേക്കാണ് മുന്നണിനേതൃത്വം നീങ്ങുന്നത്.

എന്നാൽ, ഇതിനൊരു പൊതുനയം രൂപപ്പെടുത്തിയേക്കും. മറ്റു ഘടകകക്ഷികൾക്ക് ഊഴംവെച്ച് മന്ത്രിപദം പങ്കിടണമോയെന്ന കാര്യത്തിൽ അന്തിമധാരണയായിട്ടില്ല. എല്ലാ ഘടകകക്ഷികളുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ സി.പി.എം. നേതൃത്വം സി.പി.ഐ. നേതൃത്വത്തെയും അറിയിച്ചുപോരുന്നു.

സി.പി.എം.-12, സി.പി.ഐ.- 4, കേരള കോൺഗ്രസ് (എം)-1, ജെ.ഡി.എസ്.-1, എൻ.സി.പി.-1 എന്നിങ്ങനെയാണ് ഏകാംഗ കക്ഷികളെ ഒഴിച്ചുള്ള മന്ത്രിപദ വിഹിതമെന്നാണു സൂചന.

സ്പീക്കർ സി.പി.എം. അംഗം തന്നെയാകും. ഡെപ്യൂട്ടി സ്പീക്കർ സി.പി.ഐ.ക്കു തന്നെയെന്നാണു സൂചന. കഴിഞ്ഞ സർക്കാരിന്റെ ഇടക്കാലത്ത് സി.പി.എമ്മിന് 13-ാം മന്ത്രിയെ ലഭിച്ചപ്പോഴാണ് സി.പി.ഐ.ക്ക് ചീഫ് വിപ്പ് നൽകിയത്. ഇപ്രാവശ്യം ചീഫ് വിപ്പ് കേരള കോൺഗ്രസിനായിരിക്കും. സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി ചേരുന്ന എൽ.ഡി.എഫ്. യോഗത്തിനുമുമ്പ് ഘടകകക്ഷികളെ വീണ്ടും ബന്ധപ്പെടാമെന്നാണ് സി.പി.എം. നേതൃത്വം അറിയിച്ചിരിക്കുന്നത്.

എൻ.എസ്.എസും എൽ.ഡി.എഫും തമ്മിൽ അകന്നുനിൽക്കുന്നതുകൂടി കണക്കിലെടുത്താണ് ഗണേഷ്‌കുമാറിനെ മന്ത്രിസ്ഥാനത്തേക്കു പരിഗണിക്കുന്നത്. അച്ഛൻ ആർ. ബാലകൃഷ്ണപിള്ളയുടെ പാതയിൽ ഗണേഷ് കുമാറും എൻ.എസ്.എസ്. ഭാരവാഹിയായിരുന്നു. ഗണേഷിനെ മന്ത്രിയാക്കുന്നത് എൻ.എസ്.എസിനുകൂടിയുള്ള സന്ദേശമായി കാണാമെന്നാണ് വിലയിരുത്തൽ.

ആഴക്കടൽ മീൻപിടിത്ത കരാർ പ്രതിപക്ഷം വലിയ ആരോപണമായി ഉയർത്തിയെങ്കിലും ലത്തീൻ കത്തോലിക്കാ സഭ ഇടതുമുന്നണിയെ കൈവിടാഞ്ഞത് ആന്റണി രാജുവിനെ പരിഗണിക്കാൻ കാരണമാകുന്നു. ഇതുവഴി ലത്തീൻ കത്തോലിക്കാ പ്രാതിനിധ്യവും ഉറപ്പാകും.

സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. അതിനുശേഷം രാജ്ഭവനിൽ പുതിയ മന്ത്രിമാർക്ക് ഗവർണറുടെ സത്കാരമുണ്ടാകും. സത്കാരത്തിനുള്ള വേദിയായി രാജ്ഭവനിൽ പന്തലിടാൻ തുടങ്ങി.

content highlghts: antony raju and ganesh kumar likely to get minister posts