റാന്നി: പെരുന്തേനരുവി ജലവൈദ്യുത പദ്ധതി ഡാമിന്റെ ഷട്ടറുകളിലൊന്ന് സാമൂഹികവിരുദ്ധർ ചൊവ്വാഴ്ച രാത്രി തുറന്നുവിട്ടു. ഡാമിൽനിന്ന്‌ വെള്ളം ഒരു മണിക്കൂറോളം പമ്പാനദിയിലൂടെ ഒഴുകി. ഡാമിൽ വെള്ളം കുറവായിരുന്നതിനാലും നദി വറ്റിവരണ്ടുകിടന്നിരുന്നതിനാലും അപകടങ്ങളൊന്നുമുണ്ടായില്ല. സുരക്ഷാക്കുറവ്‌ കാരണം വൻ വീഴ്ചയാണ് സംഭവിച്ചത്.

വെള്ളം നദിയിലൂടെ ശക്തമായി ഒഴുകിയെത്തുന്നതറിഞ്ഞ് സമീപവാസി കെ.എസ്.ഇ.ബി. അധികൃതരെ അറിയിച്ചതോടെയാണ് ഷട്ടർ അടച്ചത്. ഡാമിൽനിന്ന്‌ നൂറു മീറ്റർ താഴെ നദീതീരത്തുണ്ടായിരുന്ന വള്ളം മൂടിയിട്ടിരുന്ന പടുതയ്ക്കും സാമൂഹികവിരുദ്ധർ തീയിട്ടു.

ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. പെരുന്തേനരുവിക്ക് സമീപം താമസിക്കുന്ന പതാക്കൽ റോയിയാണ് നദിയിൽ വെള്ളം ശക്തമായി ഒഴുകിയെത്തുന്നതിന്റെ ഇരമ്പൽ കേട്ടത്. ഡാം ഭാഗത്താണെന്ന് മനസ്സിലാക്കി അവിടേക്ക് ഓടിയെത്തുകയായിരുന്നു. ഉടൻ പവർഹൗസിലുണ്ടായിരുന്ന കെ.എസ്.ഇ.ബി. അസിസ്റ്റന്റ് എൻജിനീയർ ടി.സി.ബാബുവിനെ വിവരമറിയിച്ചു.

ഡാമിനടുത്തേക്ക് റോയി ഓടിയെത്തുമ്പോഴാണ് തന്റെ വള്ളം മൂടിയിട്ടിരുന്ന പടുതയിൽനിന്ന് തീ ഉയരുന്നത് കാണുന്നത്. അത് അണച്ചശേഷമാണ് ഡാമിനടുത്തെത്തിയത്. തുറന്ന ഷട്ടറിലൂടെ ശക്തമായി വെള്ളമൊഴുകുന്നതിനാൽ പണിപ്പെട്ടാണ് ഷട്ടർ താഴ്ത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നദിയിലേക്കുള്ള മൂന്നു ഷട്ടറുകളിൽ ആദ്യത്തേതാണ് തുറന്നത്.

ഡാമിന്റെ വശത്ത് പാലത്തിനോട് ചേർന്നാണ് ഷട്ടർ ഓപ്പറേറ്റിങ് സെന്റർ. വേലിയില്ലാത്തതിനാൽ അല്പം ശ്രമിച്ചാൽ ഇതിലേക്ക് കടക്കാനാവും. അതിനുള്ളിലെ സ്വിച്ച് പ്രവർത്തിപ്പിച്ചാണ് ഷട്ടർ ഉയർത്തിയത്. സ്വിച്ചിന് ചെറിയ തോതിൽ നാശം വരുത്തിയതായും ഇവർ പറഞ്ഞു.

ശബരിമല ഉത്സവം പ്രമാണിച്ച് കുള്ളാർ ഡാം തുറന്നുവിട്ടതിനാൽ പെരുന്തേനരുവി ഡാമിൽ ജലനിരപ്പ് കഴിഞ്ഞ ദിവസം കുറച്ച് കൂടിയിരുന്നു. ഷട്ടർ തുറന്നതോടെ ഈ വെള്ളം പുറത്തേക്ക് ഒഴുകി. സംഭവമറിഞ്ഞ് കെ.എസ്.ആ.ബി. മൂഴിയാർ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി.ശ്രീനിവാസനും പെരുനാട് പോലീസും സ്ഥലത്തെത്തി.

പെരുന്തേനരുവി ഡാമിനും പവർഹൗസിലും ഉടൻ സുരക്ഷാക്രമീകരണങ്ങളൊരുക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ ജി.ശ്രീനിവാസൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് പെരുനാട് ഇൻസ്‌പെക്ടർ ബിനുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വള്ളം നശിപ്പിക്കാൻ ശ്രമിച്ചതിന് റോയിയും പെരുനാട് പോലീസിൽ പരാതി നൽകി.

content highlights: Antisocials open shutters of Perumthenaruvi dam