തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയൻ ഓഫീസിൽനിന്ന് കണ്ടെടുത്തത് കേരള സർവകലാശാലയുടെ ഉത്തരക്കടലാസുകൾതന്നെ. ഇവ സർവകലാശാലയുടേതാണെന്ന് കോളേജിയേറ്റ് എജ്യുക്കേഷൻ അഡീഷണൽ ഡയറക്ടർ കെ.കെ. സുമ ചൊവ്വാഴ്ച സ്ഥിരീകരിച്ചു. യൂണിയൻ ഓഫീസിൽനിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവത്തിൽ കോളേജ് പ്രിൻസിപ്പലിനോട് അഡീഷണൽ ഡയറക്ടർ വിശദീകരണം തേടി.

പതിറ്റാണ്ടുകളായി എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റി ഓഫീസായി ഉപയോഗിക്കുന്ന യൂണിയൻ ഓഫീസിൽനിന്ന് തിങ്കളാഴ്ചയാണ് ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. കോളേജിൽ എസ്.എഫ്.ഐ. പ്രവർത്തകനായ അഖിൽ ചന്ദ്രനെ കുത്തിയ കേസിലെ മുഖ്യപ്രതിയും എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റുമായിരുന്ന ശിവരഞ്ജിത്തിന്റെ ആറ്റുകാലിലുള്ള വീട്ടിൽനിന്ന്‌ 16 കെട്ട് ഉത്തരക്കടലാസ് പോലീസ് പിടിച്ചെടുത്തിരുന്നു.

ഉത്തരക്കടലാസ് പുറത്തുപോയതിനെക്കുറിച്ച് ഗവർണറും സർവകലാശാലയുടെ ചാൻസലറുമായ ജസ്റ്റിസ് പി. സദാശിവം ചൊവ്വാഴ്ച വിശദീകരണംതേടി. പരീക്ഷത്തട്ടിപ്പ് ഉൾപ്പെടെയുള്ള ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. അടിയന്തര വിശദീകരണം നൽകാൻ കേരള സർവകലാശാല വൈസ് ചാൻസലർ വി.പി. മഹാദേവൻപിള്ളയോടാണ് നിർദേശിച്ചത്. ഇക്കാര്യം ഗവർണർ ട്വീറ്റ് ചെയ്തിരുന്നു. മുഴുവൻ പരീക്ഷാ കേന്ദ്രങ്ങളിലെയും ഉത്തരക്കടലാസുകളുടെ കണക്കെടുക്കാൻ നടപടി സ്വീകരിച്ചതായി വൈസ്ചാൻസലർ ഗവർണറെ അറിയിച്ചു. ഉപയോഗിക്കാത്തവ സുരക്ഷിതമായി സൂക്ഷിക്കാൻ അധികൃതരോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതവിദ്യഭ്യാസ മന്ത്രി കെ.ടി. ജലീലും ഗവർണറെ കണ്ടു. കുറ്റക്കാർ ആരായാലും കർശന നടപടിയെടുക്കുമെന്ന് ഗവർണറെ ബോധ്യപ്പെടുത്തിയതായി മന്ത്രി പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജിലെ വിഷയങ്ങളിൽവേണ്ട നടപടിയെടുക്കാൻ കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറെ ചുമതലപ്പെടുത്തി. അവിടെ അധ്യാപകർ വീഴ്ചവരുത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വാരിവലിച്ചിട്ട നിലയിൽ ഉത്തരക്കടലാസുകൾ

വാരിവലിച്ചിട്ട നിലയിൽ ഉത്തരക്കടലാസുകൾ, വകുപ്പ് മേധാവിയുടെ സീൽ, സർവകലാശാല കലോത്സവ രജിസ്‌ട്രേഷൻ േഫാം. യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ ഓഫീസ് ഒഴിപ്പിച്ച് ക്ലാസ് മുറിയാക്കാനുള്ള വൃത്തിയാക്കലിനിടെ കണ്ട കാഴ്ചകളാണിത്. ഓഫീസ് മുറിയിലെ അലമാരയിലായിരുന്നു ഉത്തരക്കടലാസ് കെട്ടുകൾ.

രജിസ്‌ട്രേഷൻ നമ്പർ ഉൾപ്പെടെ എഴുതേണ്ട ഉത്തരക്കടലാസിന്റെ ആമുഖ ഷീറ്റുകളാണ് കണ്ടെത്തിയത്. എൻവയോൺമെന്റ് സ്റ്റഡീസ് പരീക്ഷയ്ക്കുവേണ്ടി എന്നെഴുതിയവയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവ കോളേജ് ജീവനക്കാർ ചാക്കുകെട്ടിലാക്കി മാറ്റി. ഇതൊക്കെ ദൃശ്യമാധ്യമപ്രവർത്തകർ പകർത്തുകയും ചെയ്തു.

ഉത്തരക്കടലാസ് യൂണിയൻ ഓഫീസിൽനിന്ന് കണ്ടെടുത്തതായി സ്ഥീരികരിച്ചെങ്കിലും സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കോളേജിയേറ്റ് എജ്യുക്കേഷൻ ഡയറക്ടർ കെ.കെ. സുമയുടെ വിശദീകരണം. പോലീസ് സഹായത്തോടെനടന്ന ആദ്യപരിശോധനയിൽ ഇവ കിട്ടിയിരുന്നില്ല. പിന്നീട് ഇവിടം വൃത്തിയാക്കിയ ജീവനക്കാർക്കാണ് കെട്ട് കിട്ടിയത്. ഇതിൽ ദുരൂഹതയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കോളേജിലെ മൂന്ന് അനധ്യാപകരെ സ്ഥലംമാറ്റി. അച്ചടക്കനടപടിയുടെ ഭാഗമായിട്ടല്ല സ്ഥലംമാറ്റമെന്നും കോളേജിന്റെ പ്രവർത്തനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനുവേണ്ടിയാണെന്നും അവർ പറഞ്ഞു.

ഇതാ, ആ ഉത്തരക്കടലാസ്

യൂണിവേഴ്സിറ്റി കോളേജിലെ യൂണിയൻ ഓഫീസിൽനിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയ വാർത്തയ്ക്കൊപ്പം ചൊവ്വാഴ്ച മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ച ചിത്രം മാറിപ്പോയിട്ടുണ്ട്. അത് ഉത്തരക്കടലാസിന്റേതല്ല. യൂണിയൻ ഓഫീസിൽനിന്ന് കണ്ടെത്തിയ മറ്റു രേഖകളിലൊന്നിന്റേതാണ്. യൂണിയൻ ഓഫീസിൽനിന്ന് കണ്ടെത്തിയ ഉത്തരക്കടലാസിന്റെ ചിത്രം ഈ വാർത്തയ്ക്കൊപ്പം നൽകിയിട്ടുണ്ട്. ഇതേചിത്രം തിങ്കളാഴ്ച പ്രമുഖ വാർത്താ ചാനലുകളെല്ലാം സംപ്രേഷണം ചെയ്തിരുന്നു. തെറ്റായ ചിത്രം പ്രസിദ്ധീകരിച്ചതുവഴി വായനക്കാർക്ക് ആശയക്കുഴപ്പമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു. എന്നാൽ, പരീക്ഷാതട്ടിപ്പുൾപ്പെടെ സംശയിക്കാവുന്ന തരത്തിൽ ഉത്തരക്കടലാസ് പ്രതിയുടെ വീട്ടിൽനിന്നും യൂണിയൻ ഓഫീസിൽനിന്നും കണ്ടെത്തിയെന്ന വാർത്തയിൽ മാതൃഭൂമി ഉറച്ചുനിൽക്കുന്നു.

-പത്രാധിപർ

പാർട്ടി പത്രത്തിനും അത് ഉത്തരക്കടലാസ്

university collegeകോളേജ് യൂണിയൻ ഓഫീസിൽനിന്ന്‌ കണ്ടെടുത്തത് സർവകലാശാലയുടെ ഉത്തരക്കടലാസ് തന്നെയെന്ന് സി.പി.എം. മുഖപത്രമായ ദേശാഭിമാനിയും. ചൊവ്വാഴ്ചത്തെ പത്രത്തിന്റെ ഒന്നാംപേജിലെ പ്രധാനവാർത്തയിലാണിക്കാര്യമുള്ളത്. ‘കോളേജിലെ യൂണിയൻ ഓഫീസ് ക്ലാസ് മുറിയാക്കാൻ കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ കെ. കെ. സുമയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ ഓഫീസിനുള്ളിൽനിന്ന് ഉത്തരക്കടലാസ് കെട്ടുകളും അധ്യാപകന്റെ സീലും കണ്ടെത്തി’-എന്നാണ് ദേശാഭിമാനി വാർത്ത.

 

ഉത്തരക്കടലാസ് ചോർച്ചയിൽ അന്വേഷണം

ശിവരഞ്ജിത്തിന്റെ വീട്ടിൽനിന്ന് ഉത്തരക്കടലാസ് കണ്ടെത്തിയത് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബഹ്‌റ. സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. അക്രമികളെ കോളേജുകളിൽ അനുവദിക്കല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlights: answer sheets seized from university college union office