തിരുവനന്തപുരം: കേരള സർവകലാശാല നേരിട്ടുനടത്തുന്ന അലപ്പുഴ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ പാഴ്‌ക്കടലാസുകൾക്കൊപ്പം ഉപേക്ഷിച്ച നിലയിൽ. ജൂണിൽനടന്ന എം.ബി.എ. മൂന്നാംസെമസ്റ്റർ പരീക്ഷ എഴുതിയ 32 വിദ്യാഥികളുടെ ഉത്തരക്കടലാസുകളാണിത്.

നവംബറിൽ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോഴാണ് ഈ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ സർവകലാശാലയിൽ എത്തിയിട്ടില്ലെന്നു കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിൽതന്നെ ഉപേക്ഷിച്ചനിലയിൽ ഉത്തരകടലാസുകൾ കണ്ടെത്തി. ഉടൻതന്നെ ഇവ സർവകലാശാല ആസ്ഥാനത്ത് എത്തിച്ചു. എന്നാൽ, വൈകിയെത്തിച്ച ഉത്തരക്കടലാസുകൾ സ്വീകരിക്കേണ്ടന്നും വിദ്യാർഥികൾ വീണ്ടും പരീക്ഷ എഴുതണമെന്നുമുള്ള നിലപാടാണ് സിൻഡിക്കേറ്റ് കൈക്കൊണ്ടത്.

ഉത്തരക്കടലാസുകൾ യഥാസമയം പരീക്ഷാ സെന്ററിൽനിന്ന് കൈപ്പറ്റേണ്ട ഉത്തരവാദിത്വം സർവകലാശാലയ്ക്കാണ്. സ്ഥാപന അധികൃതർക്കും ഇവിടെനിന്ന് ഉത്തരക്കടലാസ് ശേഖരിച്ചവർക്കും പരീക്ഷ വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ വീഴ്ചയുണ്ടായിട്ടുണ്ട്. എന്നാൽ, ഇതു മറച്ചുവെച്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സർവകലാശാല നീക്കമെന്നാണ് പരാതി.

നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന തങ്ങളെക്കൊണ്ട് സർവകലാശാലയുടെ വീഴ്ചകാരണം മൂന്നാം സെമസ്റ്റർ പരീക്ഷ വീണ്ടും എഴുതിക്കുന്നതിൽ എന്ത് ന്യായീകരണമാണെന്ന് വിദ്യാർഥികൾ ചോദിക്കുന്നു.

സർവകലാശാല അധികൃതർക്കെതിരേ നടപടി കൈക്കൊള്ളണമെന്നും വീണ്ടും പരീക്ഷ എഴുതിക്കാനുള്ള സിൻഡിക്കേറ്റിന്റെ തീരുമാനം പുനഃപരിശോധിക്കാൻ വൈസ്ചാൻസലർക്കു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാർ കൺവീനർ എം. ഷാജർഖാൻ എന്നിവർ ഗവർണർക്ക് നിവേദനം നൽകി.

Content Highlights: answer sheets in trash; Kerala University to re exam