മലപ്പുറം: സെർജി എറിക് കൊയ്മിയെക്കുറിച്ച് അറിഞ്ഞാൽ മനസ്സിലെത്തുക സുഡാനി ഫ്രം നൈജീരിയ സിനിമയാണ്. ഒരുപക്ഷേ അതിലും ഭീകരമാണ് കൊയ്മിയുടെ അവസ്ഥ.

സീൻ ഒന്ന് : കൊണ്ടോട്ടിയിലെ ഒരു സെവൻസ് മൈതാനം

യൂത്ത്‌സ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ നടക്കുന്നു. ഫിഫ മഞ്ചേരിയുടെ താരമാണ് സെർജി എറിക് കൊയ്മി. ആഫ്രിക്കൻ രാജ്യമായ ഐവറികോസ്റ്റിൽനിന്നെത്തിയ ചെറുപ്പക്കാരൻ. മത്സരത്തിനിടെ കൊയ്മിക്ക് കാലിന് പരിക്കേറ്റു

സീൻ രണ്ട് : അങ്ങോട്ടും ഇങ്ങോട്ടുമില്ലാതെ

കൊയ്മിയുടെ കഥയ്ക്ക് സുഡാനി സിനിമയുമായി ചില സാമ്യങ്ങളുണ്ട്. സിനിമയിലെ കഥാപാത്രമായ സാമുവൽ ചികിത്സ കഴിഞ്ഞ് നാട്ടിലേക്കുപോയി. എന്നാൽ, ശസ്ത്രക്രിയ കഴിഞ്ഞ കൊയ്മി ഏപ്രിൽ ഒന്നിനു നാടായ ഐവറികോസ്റ്റിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് കൊറണ ഭീതിപടർന്നതും ഇന്ത്യ അടച്ചിടാൻ തീരുമാനിച്ചതും. പുറപ്പെടാനുംവയ്യ, നാട്ടിലെത്തിയാൽ പ്രവേശിക്കാൻ പറ്റുമോയെന്നും അവർക്കറിയില്ല. മാനേജറുടെ വീട്ടിലാണ് സാമുവൽ കഴിഞ്ഞതെങ്കിൽ കൊയ്മിക്ക് ഫിഫ മഞ്ചേരി എല്ലാ സൗകര്യങ്ങളും അടങ്ങിയ മുറിതന്നെ വിട്ടുനൽകി.

വ്യാജ പാസ്പോർട്ടിന്റെപേരിലാണ് സിനിമയിലെ സാമുവലിന് സ്വദേശത്തേക്കുപോകാൻ കഴിയാതിരുന്നത്. ഇവിടെ വിസാ കാലാവധി കഴിയുമോ എന്നതാണ് കൊയ്മിയുടെ പ്രശ്നം. ഏപ്രിൽവരെ ഇന്ത്യയിൽ തങ്ങാനേ അനുവാദമുള്ളൂ.

സീൻ മൂന്ന് : കൊയ്മിയുടെ പ്രാർഥന

ഇന്ത്യയിലെ കൊറോണ ഭീതി എത്രയുംവേഗം അവസാനിക്കട്ടെയെന്നാണ് കൊയ്മിയുടെ പ്രാർഥന. എന്നാൽ, ഇപ്പോൾ കേൾക്കുന്ന വാർത്ത ആഫ്രിക്കക്കാർക്കും ഗുണകരമല്ല. ഇനി കൊറോണ പടർന്നുപിടിക്കാൻ സാധ്യതയുള്ള ഇടമായി ആഫ്രിക്കയെയാണ് ആരോഗ്യവിദഗ്‌ധർ കാണുന്നത്. സുരക്ഷിതമായി ഇന്ത്യ വിട്ടാലും സ്വന്തംരാജ്യത്ത് പ്രവേശിക്കാൻ കഴിയുമോയെന്ന് കൊയ്മിക്ക് പ്രതീക്ഷയില്ല.

THE END

അടുത്തസീസണിൽ കൂടുതൽ കരുത്തോടെ കൊയ്മിയും കൂട്ടരും നമ്മുടെ നാട്ടിൻപുറങ്ങളിലെ മൈതാനങ്ങളിൽ പന്തുതട്ടുന്നത് കാണാൻ കഴിയട്ടെ. വീണ്ടും ‘സുഡാനി’കൾ വരട്ടെ, നമ്മുടെ നാട് ഫുട്ബോളിന്റെ ഈറ്റില്ലമാകട്ടെ...

കൊയ്മിയുടെ കഥ നൊമ്പരം

‘സുഡാനി ഫ്രം നൈജീരിയ’യിലെ സാമുവലിന്റെ സമാനമായ അവസ്ഥ കൊയ്മിക്കും വന്നത് ദുഖഃകരമാണ്. കഥ അതേപോലെ മറ്റൊരാൾക്കുവന്നത് സന്തോഷമായി കാണാൻ എനിക്കുപറ്റുന്നില്ല. മാനുഷികമായി സഹായിക്കേണ്ട സമയമാണിത്. ഈ സമയത്തുപാലിക്കേണ്ട മര്യാദകൾ ആഫ്രിക്കൻ താരങ്ങളും എടുക്കണം. കൊയ്മിക്കുവേണ്ട സഹായങ്ങൾ നൽകാൻ അധികൃതരും ശ്രദ്ധിക്കണം -മുഹ്സിൻ പരാരി(സുഡാനി ഫ്രം നൈജീരിയ തിരക്കഥാകൃത്ത്).

Content Highlights: Another Sudani from Nigeria story From Malappuram