തിരുവനന്തപുരം: അർധരാത്രിക്കുശേഷം പ്രഖ്യാപിച്ച മിന്നൽ ഹർത്താലിൽ ജനം വലഞ്ഞു. വ്യാപകമായി ബസുകൾ തടഞ്ഞതും പരീക്ഷകൾ മുന്നറിയിപ്പില്ലാതെ മാറ്റിയതും ഏറെ ബുദ്ധിമുട്ടുണ്ടാക്കി.

കാസർകോട്ടെ ഇരട്ടക്കൊലയെത്തുടർന്ന് യൂത്ത് കോൺഗ്രസാണ് തിങ്കളാഴ്ച സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ചത്. മുൻകൂർ അറിയിക്കാതെ ഹർത്താൽ പ്രഖ്യാപിക്കരുതെന്ന കോടതിവിധി നിലനിൽക്കെയായിരുന്നു ഇത്. കാസർകോട് ജില്ലയിൽ യു.ഡി.എഫ്. നേരത്തെതന്നെ ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അർധരാത്രി ഇത് സംസ്ഥാനവ്യാപകമാക്കിയത് ആരും അറിഞ്ഞില്ല.

ഒന്നാംവർഷ ഹയർസെക്കൻഡറി, എസ്.എസ്.എൽ.സി. മോഡൽ, കേരള, എം.ജി. സർവകലാശാലാ പരീക്ഷകളാണ് മാറ്റിവെച്ചത്. ഇതറിയാതെ പലരും പരീക്ഷാകേന്ദ്രങ്ങളിലേക്ക് പുറപ്പെട്ടിരുന്നു.

മിക്ക ജില്ലകളിലും രാവിലെ കെ.എസ്.ആർ.ടി.സി. സർവീസ് നടത്തി. പലയിടത്തും തടഞ്ഞെങ്കിലും ഉച്ചയ്ക്കുശേഷം ഇവ പുനഃസ്ഥാപിച്ചു. സ്കൂളുകൾക്ക് അവധി നൽകിയിരുന്നു. തീവണ്ടികളിലെത്തിയവർ വാഹനം കിട്ടാതെ കുടുങ്ങി. ഹർത്താലിൽ സുരക്ഷയൊരുക്കണമെന്ന ഡി.ജി.പി.യുടെ നിർദേശം നടപ്പായില്ല.

വ്യാപാരസ്ഥാപനങ്ങൾ തുറന്നെങ്കിലും പലയിടത്തും അടപ്പിച്ചു. ചെറുത്തുനിൽക്കാൻ ശ്രമിച്ചത് ചിലസ്ഥലങ്ങളിൽ കൈയേറ്റത്തിലേക്ക്‌ നീങ്ങി. ബാങ്കുകളും സർക്കാർസ്ഥാപനങ്ങളും അടക്കം പലയിടത്തും അടപ്പിച്ചു.

തിരുവനന്തപുരം നഗരത്തെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഉൾപ്രദേശങ്ങളിൽ ബാധിച്ചു. കെ.എസ്.ആർ.ടി.സി. നെയ്യാറ്റിൻകര അസിസ്റ്റന്റ് ഡിപ്പോ എൻജിനീയർ നൗഷാദിനും പേരൂർക്കട ഡിപ്പോയിലെ ഡ്രൈവർ സുധീഷ് കുമാറിനും കല്ലറയിൽ കടയുടമയ്ക്കും മർദനമേറ്റു. തിരുവനന്തപുരം നെടുമങ്ങാട്ട് ഒന്നും പാലക്കാട് വാളയാറിൽ രണ്ടും ബസുകളുടെ ചില്ലുകൾ കല്ലേറിൽ തകർന്നു. ഇതിൽ രണ്ടെണ്ണം കെ.എസ്.ആർ.ടി.സി.യുടെയും ഒരെണ്ണം തമിഴ്നാടിന്റെയും ബസാണ്. തിരുവനന്തപുരം പൂവച്ചലിൽ കാറിന്റെയും കൊല്ലം ചിന്നക്കടയിൽ ഓട്ടോറിക്ഷയുടെയും ചില്ലുതകർത്തു.

ദേശീയപാത ഉപരോധിച്ചതിനെത്തുടർന്ന് ആറ്റിങ്ങൽ കോരാണിയിൽ പോലീസ് ലാത്തിവീശി. ആലപ്പുഴയിൽ സംസ്ഥാന മനുഷ്യാവകാശകമ്മിഷനംഗം പി. മോഹനദാസിന്റെ കാർ തടഞ്ഞ മൂന്നാളുടെ പേരിൽ പട്ടണക്കാട് പോലീസ് കേസെടുത്തു. ഇടുക്കി ജില്ലയിൽ വണ്ടിപ്പെരിയാറിൽ എ.എസ്.ഐ.ക്കും ഡി.സി.സി. ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത് ഉൾപ്പെടെ ഏഴ്‌ കോൺഗ്രസ് പ്രവർത്തകർക്കും പരിക്കേറ്റു. എറണാകുളം ജില്ലയിൽ വാഴക്കുളത്ത് ഹർത്താലനുകൂലികളുടെ മർദനമേറ്റ പഴങ്ങനാട് ആശുപത്രിയിലെ മനഃശാസ്ത്ര വിഭാഗം തലവൻ ഡോ. ടി.എ. ഷെരീഫ് ചികിത്സയിലാണ്. മലപ്പുറം എടവണ്ണയിൽ കെ.എസ്.യു. പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് ലാത്തിവീശി.

പോലീസ് സംരക്ഷണം ലഭിച്ചാൽ കടതുറക്കുമെന്ന് പറഞ്ഞിരുന്ന മിഠായിത്തെരുവിലെ വ്യാപാരികൾ അവസാനനിമിഷം പിന്മാറി. വയനാട് ജില്ലയിൽ ദേശാഭിമാനിയുടെ ബത്തേരി ഏരിയാ ലേഖകൻ പി. മോഹനനെ കൈയേറ്റംചെയ്തു.

Content Highlights: another hartal in kerala,