അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. നേരത്തേ ഇതേ കോടതിയും രണ്ടുതവണ ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു.

ദിലീപിന്റെ നിലവിലെ റിമാന്‍ഡ് കാലാവധി ശനിയാഴ്ച അവസാനിക്കും. 60 ദിവസത്തിലധികമായി ദിലീപ് ജയിലിലാണ്. ഇതിനിടെ, അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദം കിട്ടി. അങ്കമാലി കോടതിയാണ് അതിന് അനുവാദം നല്‍കിയത്.

നടിയുടെ നഗ്നദൃശ്യം എടുക്കാനുള്ള ഗൂഢാലോചനയില്‍ പങ്കാളിയായി എന്നുള്ളതുമാത്രമാണ് തനിക്കെതിരേ ചുമത്തിയിട്ടുള്ളകുറ്റമെന്നും ജയിലില്‍ 60 ദിവസം പൂര്‍ത്തിയാക്കിയതിനാലും കേസന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാലും ജാമ്യം ലഭിക്കാന്‍ അവകാശമുണ്ടെന്നുമാണ് ദിലീപിന്റെ വാദം. ശക്തമായ റിപ്പോര്‍ട്ട് നല്‍കാനാകും പോലീസിന്റെ ശ്രമം. ദിലീപിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കാതെ വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാകും നടപടികള്‍.