അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതിയുടെ ചാന്താട്ടം ഭക്തിനിര്‍ഭരമായി. ചാന്തിലാറാടി നില്‍ക്കുന്ന ഭഗവതിയുടെ അപൂര്‍വദര്‍ശനം ഭക്തര്‍ക്ക് ധന്യതയുടെ മുഹൂര്‍ത്തം.

രാവിലെ പന്തീരടി പൂജയ്ക്കുശേഷമാണ് ചാന്താട്ടച്ചടങ്ങുകള്‍ ആരംഭിച്ചത്. മുന്‍കൂട്ടി തയ്യാറാക്കിവെച്ച ചാന്ത് കിഴക്കേ ആല്‍ത്തറയില്‍നിന്ന് വാദ്യഘോഷത്തിന്റെയും കുത്തുവിളക്കിന്റെയും അകമ്പടിയോടെ നാലമ്പലത്തിനകത്തേക്ക് ആനയിച്ചു.

നാലമ്പലത്തിനകത്ത് ശിവന്റെ മുഖമണ്ഡപത്തില്‍ തന്ത്രി പന്തലക്കോട്ടത്ത് നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ നടന്ന താന്ത്രികകര്‍മ്മങ്ങള്‍ക്കുശേഷം നവകം, പഞ്ചഗവ്യം എന്നിവയോടൊപ്പം ചാന്തും കലശമാക്കി. നവകം, പഞ്ചഗവ്യം കളഭം എന്നിവ അര്‍ച്ചനാബിംബത്തില്‍ അഭിഷേകംചെയ്തു. തുടര്‍ന്ന് ചാന്ത് ഭഗവതിയുടെ ദാരുവിഗ്രഹത്തില്‍ അഭിഷേകംചെയ്തു.

ഭഗവതിയുടെ അഭിഷേകത്തിനുശേഷം മാതൃശാലയില്‍ സപ്ത മാതൃക്കള്‍ക്കും ക്ഷേത്രപാലകനും ചാന്ത് ആറാടിച്ചു. ഉച്ചപൂജയോടെ ചാന്താട്ടച്ചടങ്ങുകള്‍ സമാപിച്ചു. ചാന്താട്ടത്തിനായി അഴിച്ചുവെച്ച ഭഗവതിയുടെ ആടയാഭരണങ്ങള്‍ കന്നി ആയില്യത്തിന് വീണ്ടും അണിഞ്ഞു തുടങ്ങും. ഓഗസ്റ്റ് അഞ്ചിനാണ് അടുത്ത ചാന്താട്ടം.