കാസർകോട്: അണങ്കൂർ മെഹ്ബൂബ് റോഡിലെ ഫ്ലാറ്റിന് തീപിടിച്ച് രണ്ടു കാറും ആറു സ്കൂട്ടറും കത്തിനശിച്ചു. ഫ്ലാറ്റിനു താഴെയുണ്ടായിരുന്ന സ്വിച്ച് ബോർഡുകളിൽനിന്ന് തീപടർന്നതാണ് കാരണം. പുക ശ്വസിച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായ മൂന്നുപേരെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

മെഹ്ബൂബ് റോഡിലെ ഗ്രീൻപാർക്ക് അപ്പാർട്ട്‌മെന്റിലാണ് തീപ്പിടിത്തമുണ്ടായത്. ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. തീ വാഹനങ്ങളിലേക്കു പടരുകയും പിന്നീട് മുകൾനിലകളിലേക്ക് വ്യാപിക്കുകയുമായിരുന്നു.

ഫ്ലാറ്റിനുള്ളിലെ വയറിങ് പൂർണമായും നശിച്ചു. എ.സി., സോഫ, വസ്ത്രങ്ങൾ, കുടിവെള്ള ടാങ്ക്, കുട്ടികളുടെ സൈക്കിൾ തുടങ്ങിയവ കത്തിനശിച്ചു. 21 കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. ഷോർട്ട് സർക്യൂട്ട് ഉണ്ടായതിനെത്തുടർന്ന് നിരവധിപേരുടെ ഇലക്‌ട്രോണിക്‌ ഉപകരണങ്ങളും നശിച്ചു. ഫ്ലാറ്റിലെ ഭിത്തികൾ കരിപുരണ്ട നിലയിലാണ്. തീപിടിച്ച് ഭിത്തിയിൽ വിള്ളൽ വന്നു. അടുക്കളയിൽനിന്നുംമറ്റുമുള്ള മലിനജലം പോകുന്ന പൈപ്പുകളും കത്തിയുരുകി. വസ്ത്രങ്ങളും കത്തിനശിച്ചു. നാട്ടുകാരുടെയും അഗ്നിരക്ഷാസേനയുടെയും പരിശ്രമമാണ് വലിയ ദുരന്തം ഒഴിവാക്കിയത്.

അഗ്നിരക്ഷാസേനാംഗങ്ങളായ കെ.പി.പ്രവീൺകുമാർ, ലീഡിങ് ഫയർമാൻ കെ.സതീഷ്, എസ്.കെ.സലിംകുമാർ, ഗണേശൻ കിണറ്റിൻകര, വി.സുരേഷ്‌കുമാർ, കെ.എൽ.ലിബിൻ, എൻ.എസ്.അനൂപ്, രാജൻ തൈവളപ്പിൽ, ഇ.പ്രസീത്, സൂരജ് എസ്.നായർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി. എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ., കളക്ടർ ഡോ. ഡി.സജിത്ത് ബാബു, എ.എസ്.പി. ഡി.ശില്പ തുടങ്ങിയവർ സ്ഥലത്തെത്തി.